Wednesday, May 15, 2024
spot_img

യു.എസ് അതിക്രമത്തെ അപലപിച്ച് മോദി; സംഭവങ്ങള്‍ നിരാശജനകം; ജനാധിപത്യം അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രി

ദില്ലി: അമേരിക്കയിലെ സംഭവങ്ങള്‍ നിരാശജനകമെന്ന് ഇന്ത്യ. ജനാധിപത്യത്തില്‍ നിയമവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യു.എസ് ക്യാപ്പിറ്റോളിലുണ്ടായ അതിക്രമത്തില്‍ അപലപിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യം അട്ടിമറിക്കരുതെന്നും അധികാര കൈമാറ്റം സമാധാനപരമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ട്രംപിനെ നിശിതമായി വിമര്‍ശിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് റോംനി. ട്രംപിന്‍റെ പ്രേരണയെ തുടര്‍ന്നാണ് പാര്‍ലമെന്‍റില്‍ പ്രക്ഷോഭമുണ്ടായത്. തിരഞ്ഞെടുപ്പ് ഫലത്തെ എതിര്‍ത്ത് ഇത്തരം തന്ത്രങ്ങളെ പിന്തുണയ്ക്കുന്നവരെ, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തോട് സഹകരിക്കുന്നവരായേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഞെട്ടിച്ചായിരുന്നു യുഎസ് പാര്‍ലമെന്‍റിലെക്ക് ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭം.

ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെയായിരുന്നു യു.എസ് ക്യാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു കയറിയത്. പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുമണിക്കൂറിനു ശേഷമാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാനായത്. വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈ‍ഡന്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് ട്വിറ്റര്‍ മരവിപ്പിച്ചു. മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ട്രംപിനെതിരെ രംഗത്തെത്തി. ബ്രിട്ടനും അയര്‍ലണ്ടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Latest Articles