Tuesday, September 22, 2026

ചരിത്ര വിജയത്തിൽ ട്രമ്പിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ലോകസമാധാനത്തിനായി ഒരുമിച്ച് പോരാടണമെന്ന് സന്ദേശം; രണ്ടാം വരവിൽ സെനറ്റിലും സമ്പൂർണ്ണാധിപത്യം

ദില്ലി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രമ്പിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് എന്റെ പ്രിയ സുഹൃത്ത് ഡൊണാൾഡ് ട്രമ്പിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. രണ്ടാം വിജയത്തിൽ ഇന്ത്യ യു എസ് സമഗ്ര പങ്കാളിത്തം ഉറപ്പുവരുത്താനുള്ള സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോള സമാധാനം സ്ഥിരത സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാൻ നമുക്ക ഒരുമിച്ച് പ്രവർത്തിക്കാം’ പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു. പ്രമുഖ ലോകനേതാക്കളെല്ലാം ട്രമ്പിന് അഭിനന്ദനങ്ങൾ അറിയിച്ചു.

ട്രമ്പ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ഊഷ്‌മളമാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയിലെ ഇന്ത്യൻ സമൂഹം. പ്രധാനമന്ത്രി മോദിയുമായി മികച്ച ബന്ധമാണ് ഡൊണാൾഡ് ട്രമ്പിനുള്ളത്. 2020 ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് അബ് കി ബാർ ട്രമ്പ് സർക്കാർ എന്ന മുദ്രാവാക്യം അമേരിക്കൻ സന്ദർശനത്തിനിടെ മോദി പറയുകയും ചെയ്‌തിരുന്നു. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇന്ത്യൻ സമൂഹത്തെയും ഹിന്ദുക്കളെയും ചേര്ത്ത് നിർത്തുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു. എന്നാൽ ട്രമ്പിന്റെ കുടിയേറ്റ നയത്തിലടക്കം ചില ആശങ്കകൾ ഇന്ത്യൻ സമൂഹത്തിനുണ്ട്.

അതേസമയം രണ്ടാം വരവിൽ ട്രമ്പിന് സെനറ്റിലും സമ്പൂർണ്ണാധിപത്യം എന്നാണ് വിലയിരുത്തലുകൾ. നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍സ്‌ യു.എസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത്.
യു.എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ്‌ നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന്‌ന് വേണ്ടത് അമ്പത് സീറ്റായിരുന്നു. രണ്ട് സീറ്റുകളില്‍ നേടിയ അപ്രതീക്ഷിത വിജയമാണ് റിപ്പബ്ലിക്കന്‍സിനെ സഹായിച്ചത്. വെസ്റ്റ് വെര്‍ജീനിയ പിടിച്ചടക്കിയ റിപ്പബ്ലിക്കന്‍സ് ബുധനാഴ്ച ഒഹായോ സംസ്ഥാനം തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയായ ജിം ജസ്റ്റിനാണ് വെസ്റ്റ് വെര്‍ജീനിയയില്‍ വിജയിച്ചത്. ഒഹായോയില്‍ ബേണി മോറേനോയും വിജയിച്ചു കയറി. മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ച ഡെമോക്രാറ്റിക് സെനറ്റര്‍ ഷെറോഡ് ബ്രൗണാണ് ഇത്തവണ ബേണി മോറേനോയോട് തോറ്റത്.

Related Articles

Latest Articles