Saturday, September 19, 2026

അമേരിക്കയിൽ കിരീടം തിരിച്ചു പിടിച്ച് ഡൊണാൾഡ് ട്രമ്പ്; ഒരിക്കൽ പരാജയപ്പെടുത്തിയ പ്രസിഡന്റിനെ അമേരിക്ക തിരിച്ചു വിളിക്കുന്നത് ഇത് ചരിത്രത്തിൽ രണ്ടാം തവണ; അഭിപ്രായ സർവേകൾ കാറ്റിൽപ്പറത്തി നേടിയത് ആധികാരിക ജയം

ന്യൂയോർക്ക്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രമ്പിന് ആധികാരിക ജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 277 ഇലക്ട്രൽ വോട്ടുകൾ ട്രമ്പിന് ലഭിച്ചിട്ടുണ്ട്. വിജയത്തിന് 270 ഇലക്ട്രൽ വോട്ടുകളാണ് വേണ്ടത്. 226 ഇലക്ട്രൽ വോട്ടുകൾ കമലാ ഹാരിസ് നേടി. അഭിപ്രായ സർവേകളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടവും ഫോട്ടോ ഫിനിഷുമാണ് പ്രവചിച്ചിരുന്നത്. ഇന്നലെ ഡൊണാൾഡ് ട്രമ്പ് അഭിപ്രായ സർവേകളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ട്രമ്പിന് 315 ഇലക്ടറൽ വോട്ടുകൾ വരെ ലഭിക്കണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റ് പാം ബീച്ചിൽ കുടുംബാംഗങ്ങളോടൊപ്പമെത്തി ട്രമ്പ് വിജയപ്രഖ്യാപനവും നടത്തി. അമേരിക്കൻ ചരിത്രത്തിലെ മഹത്തായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും ഇനി അമേരിക്കയുടെ സുവർണ്ണ കാലഘട്ടമാകുമെന്നും ട്രമ്പ് പറഞ്ഞു. വോട്ടര്മാര്ക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്‌ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രമ്പ് വിജയിച്ചു. അതേസമയം കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് വിജയിച്ച പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ (വ്യാഴാഴ്ച) അവര്‍ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാംഗം സെഡ്രിക് റിച്മണ്ട് പറഞ്ഞു.

അതേസമയം ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മുന്നേറുന്നത്തിന്റെ പ്രതിഫലനം വിപണികളെയും ഉത്സാഹത്തിലാക്കി. ഡോളറും ക്രിപ്‌റ്റോ കറന്‍സികളും കുതിച്ചുയർന്നിരിക്കുകയാണ്. അതേസമയം, ക്രൂഡ് ഓയിലും സ്വര്‍ണവും താഴ്ന്നു. ഇന്ത്യയിലും വിപണികൾ ഉത്സാഹം കാട്ടി. സെന്‍സെക്‌സ് 80,115 വരെയും നിഫ്റ്റി 24,415 വരെയും കയറി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മെറ്റല്‍ ഒഴികെ എല്ലാ മേഖലകളും രാവിലെ ഉയര്‍ന്നു. ഐടി, റിയല്‍റ്റി, ഓട്ടോ, ഓയില്‍ – ഗ്യാസ് മേഖലകളാണു കൂടുതല്‍ ഉയര്‍ന്നത്. ട്രംപ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് കനത്ത ചുങ്കം ചുമത്തുമെന്നും അത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ സഹായിക്കുമെന്നും സംസാരമുണ്ട്.ട്രംപിനു യുഎസ് കോണ്‍ഗ്രസിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചതു നിയമനിര്‍മാണം സുഗമമാക്കും. തീരുമാനങ്ങള്‍ വേഗം നടപ്പാക്കാനും കഴിയും.

Related Articles

Latest Articles