ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയിൽ പ്രസംഗം നടത്തും. ഒൻപതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ 400-ാം ജന്മവാർഷത്തിൽ രാത്രി ഒൻപതരയ്‌ക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതോടെ സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുകയാണ്. ഇത്, ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്ന ഒരു സംഭവമായി മാറും.
ചെങ്കോട്ടയിലെ പുൽത്തകിടിയിൽ നിന്നാകും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയുടെ കവാടത്തിൽ നിന്നാണ് പ്രധാനമന്ത്രിമാരുടെ പ്രസംഗം. സ്വാതന്ത്ര്യ ദിനത്തിൽ അല്ലാതെ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി പ്രസംഗിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്നും പ്രസംഗിക്കുകയും ചെയ്തിരുന്നു.
മതാന്തര സമാധാനവും സാമുദായിക സാഹോദര്യവും എന്ന വിഷയത്തിലാകും പ്രധാനമന്ത്രിയുടെ പ്രസംഗം. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുമായി സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. സിഖ് സംഗീതജ്ഞർ വിവിധരാഗങ്ങളിൽ ശബാദ് കീർത്തനം അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിദേശത്തുനിന്നുമുള്ള പ്രമുഖരും ആഘോഷങ്ങളുടെ ഭാഗമാകും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സിഖ് ഗുരുവിന്റെ 400-ാം ജന്മവാർഷികദിന പരിപാടി സംഘടിപ്പിക്കുന്നത്.

