Tuesday, May 14, 2024
spot_img

കശ്‌മീർ വിഭജനം തീവ്രവാദത്തിന്റെ അടിവേരിളക്കിയെന്ന് മോദി

ബാങ്കോക്ക്: ജമ്മുകാഷ്മീർ വിഭജനം വിഘടനവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും അടിവേരിളക്കുന്ന നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തായ്‌ലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അയ്യായിരത്തോളം ഇന്ത്യക്കാരാണ് ബാങ്കോക്കിൽ നടന്ന പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തത്.

തീവ്രവാദത്തിന്‍റെയും വിഘടനവാദത്തിന്‍റെയും വിത്ത് വിതയ്ക്കുന്നതിന് പിന്നിലെ വലിയ കാരണത്തെ ഇല്ലാതാക്കാൻ ഇന്ത്യ തീരുമാനിച്ചതിനെക്കുറിച്ച് നിങ്ങൾക്കറിയാം. തീരുമാനം ശരിയാകുമ്പോൾ അതിന്‍റെ പ്രതിധ്വനി ലോകം മുഴുവൻ ഉണ്ടാകും. തായ്‌ലൻഡിൽപോലും തനിക്കത് കേൾക്കാനായെന്നും മോദി പറഞ്ഞു.

തായ്‌ലൻഡിലെത്തിയപ്പോൾ സ്വന്തം നാട്ടിലെത്തുന്ന പ്രതീതിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തായ്‌ലൻഡിന്‍റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്‍ക്കുന്നു. തായ്‌ലൻഡിലെ രാജകുടുംബത്തിന് ഇന്ത്യയുമായി വളരെ അടുത്ത ചരിത്രപരമായ ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലന്‍ഡില്‍ എത്തിയത്. ആര്‍സിഇപി കരാറിന്‍റെ അന്തിമ ചര്‍ച്ചയാണ് ഇവിടെ നടക്കുക. ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനു പുറമെ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയിലും പതിനാലാമത് കിഴക്കനേഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കും.

Related Articles

Latest Articles