Wednesday, May 15, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും; ചങ്കിടിപ്പോടെ പാകിസ്താന്‍

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം 27ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്ര സംഘടനയുടെ 74ആമത് സെഷനിൽ പങ്കെടുക്കുന്ന ലോകനേതാക്കളുടെ പട്ടിക സംഘടന പുറത്തുവിട്ടു. സെപ്റ്റംബർ 24ന് ആരംഭിക്കുന്ന പൊതു ചർച്ച സെപ്റ്റംബർ 30 വരെ നീളും. യു എന്നിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി ഹൂസ്റ്റണിലെ ഇന്ത്യൻ- അമേരിക്കൻ വിഭാഗം സംഘടിപ്പിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്യും.

ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പരാമർശം ഉണ്ടാകുമോയെന്നതാണ് പാകിസ്ഥാൻ ഉറ്റുനോക്കുന്നത്. എന്നാൽ ആഗോള വിഷയങ്ങൾക്കായിരിക്കും പ്രധാനമന്ത്രി പ്രസംഗത്തിൽ ഊന്നൽ കൊടുക്കുകയെന്ന് അറിയുന്നു. സുസ്ഥിര ജീവിതം, കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യ സുരക്ഷ എന്നീ വിഷയങ്ങൾക്കാകും അദ്ദേഹം പ്രാധാന്യം നൽകുക. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന ഇന്ത്യൻ നയപ്രകാരം കശ്മീരിനെക്കുറിച്ച് നേരിട്ട് പരാമർശിക്കാൻ പ്രധാനമന്ത്രി തയ്യാറായേക്കില്ലെന്നാണ് സൂചന. എന്നാൽ കശ്മീർ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങളെ അദ്ദേഹം പരോക്ഷമായി വിമർശിച്ചേക്കാം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം വകുപ്പ് ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ വിഷയത്തിൽ ആഗോള ശ്രദ്ധ നേടാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ ഐക്യരാഷ്ട്ര സഭയിലെ വാക്കുകളെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

അതേ സമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഐക്യരാഷ്ട്ര സഭയെ അഭിസംബോധ ചെയ്തേക്കുമെന്ന് സൂചനയുണ്ട്.

Related Articles

Latest Articles