ദില്ലി: സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി താരങ്ങളെ കാണുമെന്നാണ് വിവരം.117 ഇന്ത്യൻ അത്‌ലറ്റുകളുടെ സംഘം ഓഗസ്റ്റ് 15 ന് ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തിനായി മെഡൽ നേട്ടം സ്വന്തമാക്കിയ ഓരോ താരങ്ങളോടും പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. മെഡൽ നഷ്ടമായ താരങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു. അഞ്ച് വെങ്കലവും ഒരു വെള്ളിയുമടക്കം ആറ് മെഡലുകൾ നേടിയ ഇന്ത്യ 71-ാം സ്ഥാനമാണ് നേടിയത്. ആറ് വിഭാഗങ്ങളിൽ ഇന്ത്യയ്‌ക്ക് മെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. ഭാരോദ്വഹനത്തിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തവണ ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ നേടിയ നീരജ് ഇക്കുറി വെള്ളിയാണ് നേടിയത്. ഇക്കുറിയുള്ള ഏക വെള്ളി മെഡൽ നീക്കമാണിത്. മൂന്ന് വെങ്കലമെഡലുകൾ ഷൂട്ടിങ്ങിൽ നിന്നാണ്. ഗുസ്തിയിൽ നിന്നും ഹോക്കിയിൽ നിന്നും ഓരോ വെങ്കല മെഡൽ വീതവും ഇന്ത്യ നേടി.
ഓരോ ഗെയിമുകളിലും ഇന്ത്യൻ സംഘം നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. എല്ലാ അത്ലറ്റുകളും അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ ഇന്ത്യക്കാരനും ഇവരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്. കായികലോകത്തെ നമ്മുടെ ഈ താരങ്ങൾക്ക് ഭാവിയിലെ അവരുടെ മികച്ച പ്രകടനങ്ങൾക്കായി ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

