Monday, January 5, 2026

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിജയം ഉറപ്പിച്ച് ദ്രൗപതി മുർമു; വോട്ടെണ്ണൽ ജൂലായ് 21 ന്

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. എംപിമാരും പാർലമെന്റിൽ വോട്ട് ചെയ്യുകയാണ്. ഇന്ന് രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇലക്ടറൽ കോളജിന്റെ ഭാഗമായ സംസ്ഥാന എംഎൽഎമാർ അവരുടെ സംസ്ഥാന അസംബ്ലികളിൽ വോട്ട് രേഖപ്പെടുത്തുന്നു.

പാർലമെന്‍റിലെ 63-ാം നമ്പർ മുറി പോളിംഗ് ബുത്തായി സജ്ജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ 776 പാർലമെന്റ് അംഗങ്ങളും 4,033 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തും. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ.

അതേസമയം അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. ദ്രൗപതി മുർമു ഈ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിലും വൻ ഭൂരിപക്ഷത്തിലും വിജയിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടം.

തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉൾപ്പെടെ എല്ലാ സംസ്ഥാന അസംബ്ലികളുമടങ്ങുന്ന ഇലക്ടറൽ കോളേജിലെ അംഗങ്ങളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന അസംബ്ലികൾ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് വോട്ട് ചെയ്യാൻ അർഹതയില്ല.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 776 പാർലമെന്റ് അംഗങ്ങളും 4,033 എംഎൽഎമാരും വോട്ട് ചെയ്യും. ആകെ വോട്ടുകളുടെ മൂല്യം 10,86,431 ആണ്, അതിൽ എംഎൽഎമാരുടെ വോട്ടുകൾ 5,43,231 ഉം എംപിമാരുടെ വോട്ടുകൾ 5,43,200 ഉം ആണ്. വോട്ടെണ്ണൽ ജൂലായ് 21 ന് നടക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25 നും സത്യപ്രതിജ്ഞ ചെയ്യും.

Related Articles

Latest Articles