Monday, May 20, 2024
spot_img

‘പരിസ്ഥിതി സൗഹൃദ, ഹരിത വ്യവസായപദ്ധതികള്‍ക്കായി’ അദാനി ഗ്രൂപ്പ് പോസ്‌കോയുമായി കൈകോര്‍ക്കുന്നു; ഗുജറാത്തില്‍; 37,000 കോടി നിക്ഷേപിക്കും

അഹമ്മദാബാദ്: ദക്ഷിണകൊറിയന്‍ കമ്പനിയായ പോസ്‌കോയുമായി കൈകോർത്ത് അദാനി ഗ്രൂപ്പ് ഗുജറാത്തില്‍ പരിസ്ഥിതി സൗഹൃദ, ഹരിത വ്യവസായങ്ങള്‍ ആരംഭിക്കുന്നു.

ഗുജറാത്തിലെ മുദ്രയിലെ ഉരുക്കുമില്ലില്‍ പോസ്‌കോയുടെ അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് പദ്ധതി.

പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായത്തിനുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 37,000 കോടി രൂപയാണ് നിക്ഷേപിക്കുക.

പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായശാലയാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.സുസ്ഥിര വികസനത്തിലൂന്നിക്കൊണ്ടുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പുനരുപയോഗ ഊര്‍ജം, ഹൈഡ്രജന്‍, ചരക്കുനീക്കം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും അദാനി ഗ്രൂപ്പും പോസ്‌കോയും ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ മില്ലിന്റെ സാങ്കേതിക, സാമ്പത്തിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇരുകമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കും.

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബിസിനസ് സഹകരണത്തിന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പോസ്‌കോ സിഇഒ ജിയോങ് വൂ ചോയ് പ്രതികരിച്ചു.ദക്ഷിണി കൊറിയയിലെ പോഹാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോസ്‌കോ ലോകത്തെതന്നെ മുന്‍നിര സ്റ്റീല്‍ നിര്‍മാതാക്കളിലൊന്നാണ്.

മാത്രമല്ല ദക്ഷിണ കൊറിയന്‍ ഉരുക്കുഭീമനായ പോസ്‌കോയ്ക്ക് മഹാരാഷ്ട്രയിലും ഉരുക്ക് വ്യവസായമുണ്ട്. ഇത് കൂടാതെ പൂനെ, ദില്ലി, ചെന്നൈ മുതലായ നഗരങ്ങളിലും ഇവര്‍ക്ക് വ്യവസായശാലകളുണ്ട്

അതേസമയം പുനരുപയോഗം സാധ്യമാകുന്ന ഊര്‍ജ്ജസ്രോതസുകളുടെ വികസനത്തിനായി അഹമ്മദാബാദില്‍ 75,000 കോടി രൂപയുടെ പദ്ധതി റിലയന്‍സും ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles