Tuesday, October 6, 2026

പറയാതെ വന്നെന്‍: ദീപക് ദേവിന്‍റെ ഈണത്തില്‍ ഗാനമാലപിച്ച് എം.ജിയും വിനീത് ശ്രീനിവാസനും; ‘ബ്രോ ഡാഡി’യിലെ ആദ്യ ഗാനം പുറത്ത്

ലൂസിഫറിന്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപനം മുതലേ ചിത്രത്തിന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡിയിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്.

”പറയാതെ വന്നെന്‍” എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലക്ഷ്‍മി ശ്രീകുമാര്‍ ആണ്. ദീപക് ദേവ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്.

‘ദൃശ്യം 2’നു ശേഷം മോഹന്‍ലാലിന്‍റേതായി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ആരാധകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പക്കാ എന്റർടൈൻമെന്റ് ചിത്രമായിരിക്കും ബ്രോ ഡാഡി. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജ​ഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Articles

Latest Articles