Sunday, January 4, 2026

വിദ്യയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ് പുരോഗമിക്കുന്നു; കേസ് റജിസ്റ്റർ ചെയ്തു 4 ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാമറയത്ത് വിദ്യ

കാസർഗോഡ് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പെട്ട എസ്എഫ്ഐ നേതാവ് തൃക്കരിപ്പൂരിലെ കെ.വിദ്യയുടെ വീട്ടിൽ തൃക്കരിപ്പൂർ പോലീസിനു പിന്നാലെ അഗളി പോലീസും എത്തി. അഗളി പോലീസ് ഇവിടെ തെളിവെടുക്കുകയാണ്.

തൃക്കരിപ്പൂർ പൊലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഇതിനെത്തുടർന്ന് വിദ്യയുടെ ബന്ധുവിനെ എത്തിച്ച് വീട് തുറന്നു. തൃക്കരിപ്പൂർ പൊലീസ് സമീപത്തെ വീട്ടിൽ നിന്നും വിവരങ്ങൾ തിരക്കി. അതെ സമയം വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിൽ ഇവർ ഒളിവിൽ കഴിയുകയാണെന്നാണ് ആക്ഷേപമുയരുന്നത്.

വിദ്യയെ ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസ് നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിന്മേൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറിയിരുന്നു.

കാസർഗോഡ് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ടു നീലേശ്വരം പൊലീസ് എടുത്ത കേസിൽ പൊലീസ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles