Saturday, December 13, 2025

വൈറൽ വീഡിയോ: കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചയാൾ പിടിയിൽ; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസേടുത്തു

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ സഹായം തേടിയിരുന്നു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് പോലീസ് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

മദ്യലഹരിയിലെത്തിയ പിതാവ് മക്കളെയും ഭാര്യയും മര്‍ദ്ദിക്കുന്ന വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുട്ടികള്‍ എടുത്തുവെന്നും ആരോപിച്ചാണ് മര്‍ദ്ദനം. പത്ത് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും ഇളയ ആണ്‍കുട്ടിയുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഇടയ്ക്ക് ഇയാള്‍ ഭാര്യയേയും ക്രൂരമായി അടിക്കുന്നുണ്ട്. തങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അടിക്കരുതെന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലൂം ഇയാള്‍ വകവയ്ക്കുന്നില്ല. കുട്ടികള്‍ സത്യം പറയാന്‍ ഇയാള്‍ ഭാര്യയേയും അടിക്കുന്നു. അമ്മയെ തല്ലരുതേ എന്നു കുട്ടികള്‍ കേണുപറയുന്നുണ്ട്. ഇതിനിടെ ഇളയ കുട്ടിയെ ഇയാള്‍ എടുത്തെറിയുന്നു. മർദ്ദനം നടന്നത് രാത്രിയായതിനാൽ ലൈറ്റ് ഓഫ് ചെയ്തതിനുശേഷം വീഡിയോയിൽ കുട്ടികളുടെ നിലവിളി കേൾക്കാമായിരുന്നു.

Related Articles

Latest Articles