Wednesday, May 15, 2024
spot_img

തലസ്ഥാന ജില്ലയിൽ പോലീസിനും രക്ഷയില്ല!!! മദ്യപസംഘം പോലീസിനെ ആക്രമിച്ചു: സിഐക്ക് തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരത്ത് ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം(Police Attacked In Trivandrum). സംഭവത്തിൽ ഫോർട്ട് സിഐയ്‌ക്ക് തലയ്‌ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിങ്കാരത്തോപ്പ് കോളനിയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനെത്തിയ സിഐയ്‌ക്ക് നേരെ മദ്യപസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിയിൽ പതിവായി മദ്യപസംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷമുണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മർദനമേറ്റത്.

സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിത്സയ്ക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടുവെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ അറസ്റ്റ് കൂടി വൈകാതെ രേഖപ്പെടുത്തും. നേരത്തെയും ശിങ്കാരത്തോപ്പ് കേന്ദ്രീകരിച്ച് അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവഗൗരവത്തോടെയാണ് പൊലീസ് വിഷയത്തെ നോക്കിക്കാണുന്നത്. എന്നാൽ തലസ്ഥാന ജില്ലയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയാകുകയാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങി സുരക്ഷിതമായി നടക്കാൻ പോലും കഴിയാത്ത തരത്തിലാണ് ഗുണ്ടകളുടെയും ആക്രമണങ്ങൾ.

Related Articles

Latest Articles