Sunday, June 2, 2024
spot_img

വീണ്ടും പോലീസ് ക്രൂരത; ട്രെയിനില്‍ യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയില്‍വേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് ടിടിഇ കുഞ്ഞഹമ്മദ് റിപ്പോര്‍ട്ട് കൈമാറി. പോലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നും ട്രെയിനില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരന്‍ മദ്യപിച്ചെന്ന് പൊലീസും ആരോപിച്ചു.

അതേസമയം സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പോലീസ് ചവിട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

മർദ്ദനദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മർദ്ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാൽ ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തി.

Related Articles

Latest Articles