തിരുവനന്തപുരം : കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്ന പ്രാഥമിക സ്ഥിരീകരണവുമായി പോലീസ്. കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. കുട്ടിയുടെ അടുത്ത ബന്ധുവിനെ ഉടൻ തന്നെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ടതും ഈ തുക വലിയ വലിയ സംഖ്യ ആകാതിരുന്നതുമാണ് സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത് സംഘമല്ല എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുകയാണ്.ഇതിനോടനുബന്ധിച്ച് വിദേശത്തുനിന്ന് അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നുണ്ട്.
അതേസമയം ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പകല്‍ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയില്‍ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവത്തിന് മൂന്ന് ദിവസങ്ങൾക്കിപ്പുറവും പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കൃത്യത്തിനു പിന്നിലെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്. ആധുനിക സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചുള്ള അന്വേഷണമാണെന്നു പറയുമ്പോഴും പ്രതികള്‍ സഞ്ചരിച്ച കാറോ റൂട്ടോ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന്റെ ചുവടുപിടിച്ച് ചിലരെ ചോദ്യംചെയ്തിരുന്നെങ്കിലും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായിട്ടുണ്ട്.

