Wednesday, September 23, 2026

നാദാപുരത്ത് വന്‍ ബോംബ് ശേഖരം പിടികൂടി; പൊലീസ് ജാഗ്രതയിൽ

നാദാപുരം: നാദാപുരം ചേലക്കാട് ഒഴിഞ്ഞ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ 12 മണിയോടെ ചേലക്കാട് ഫയര്‍‌സ്റ്റേഷന് സമീപത്തെ വണ്ണത്താന്‍കണ്ടി മൂസയെന്നയാളുടെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി ബക്കറ്റിലിട്ട് മണ്ണിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ഇത് വീട് പണിക്ക് മണ്ണെടുക്കുന്നതിനിടെ ടിപ്പര്‍ തൊഴിലാളുകളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

ഉഗ്ര സ്‌ഫോടക ശക്തിയുള്ളവയാണിതെന്ന്, വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസും ഡോഗ് സ്‌ക്വോഡും നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതിന് മുമ്പും ചേലക്കാടെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെണ്ണല്‍ അടുത്ത സാഹചര്യത്തില്‍ ബോംബുകള്‍ കൂടി കണ്ടെത്തിയതോടെ വന്‍ ജാഗ്രതയിലാണ് പൊലീസ്. പരിശോധന കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെത്തിയ ബോംബുകള്‍ ചേലക്കാട്ടെ ക്വാറിയില്‍ എത്തിച്ച് നിര്‍വീര്യമാക്കും.

Related Articles

Latest Articles