Thursday, May 16, 2024
spot_img

കോട്ടയത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒളിച്ചോടിയത് പ്ലസ്ടു വിദ്യാർത്ഥിക്കും ബസ് കണ്ടക്ടർക്കുമൊപ്പം: ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്ന് മൊഴി: ഒറ്റ രാത്രിയിലെ അന്വേഷണത്തിൽ നാലം​ഗ സംഘത്തെ കണ്ടെത്തിയത് ഇങ്ങനെ

തിരുവനന്തപുരം: കോട്ടയം പാമ്പാടിയിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത് യുവാക്കളോടൊപ്പം. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ഇവിടെ ഒരു ദിവസം തങ്ങിയ ശേഷം ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തി. ഇതിനായി ടിക്കറ്റ് എടുക്കാൻ തയ്യാറായി നിന്നപ്പോഴാണ് പോലീസ് പൊക്കിയതെന്നാണ് റിപ്പോർട്ട്.

അതേസമയം വീടുവിടാനുണ്ടായ കാരണം എന്താണെന്ന് കുട്ടികൾ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പ്രായപൂർത്തിയാകാത്ത യുവാക്കളോടൊപ്പമായിരുന്നു പെൺകുട്ടികൾ കടന്നുകളഞ്ഞത്.

വെള്ളിയാഴ്ച്ച ഉച്ചയോട് കൂടിയാണ് വിദ്യാർത്ഥിനികളെ കാണാനില്ല എന്ന പരാതി വന്നത്. ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല തുടർന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവര്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് സുഹൃത്തിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കുട്ടികള്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. അതിനിടെ നാഗമ്പടം സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർക്കൊപ്പം മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. പൊലീസ് സംഘം ഈ പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ ഇവരുടെ ബന്ധുവാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ പെൺകുട്ടികൾ എവിടെ പോയതാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഈ പെൺകുട്ടി പറഞ്ഞത്.

തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമ്പാനൂരിലുണ്ടെന്ന് കണ്ടെത്തിയത്. തമ്പാനൂരിൽ അന്വേഷണം നടത്തിയ പോലീസിന് ഇവര്‍ ലോഡ്ജില്‍ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചു. ഇതോടെ തിരുവനന്തപുരത്തേക്കും രാത്രിതന്നെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തുടർന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് സഹോദരിമാര്‍ക്കൊപ്പം രണ്ടു യുവാക്കളെയും കണ്ടത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ. ബാബുക്കുട്ടൻ, പാമ്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത് എന്നിവർ പറഞ്ഞു.

പിടിയിലായ ആൺകുട്ടികളിൽ ഒരാൾ സ്വകാര്യ ബസ് കണ്ടക്ടറും, മറ്റൊരാൾ പ്ലസ്ടു വിദ്യാർത്ഥിയുമാണ്. പെൺകുട്ടികളെ കാണാതായത് മുതൽ ഇവരുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ലോഡ്ജ് ഉടമ അറിയിച്ചതനുസരിച്ച് രാവിലെ പൊലീസ് എത്തി ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നു. ട്രെയിനിലാണ് തലസ്ഥാനത്ത് എത്തിയത്. വൈകിട്ടോടെ പാമ്പാടി പൊലീസ് എത്തി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി. ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Related Articles

Latest Articles