കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ്.! നാളെ രാവിലെ പത്ത് മണിക്ക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് നിര്‍ദേശം. തൃശ്ശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിയാണ് പോലീസ് സംഘം ഷൈനിന്റെ കുടുംബത്തിന് നോട്ടീസ് കൈമാറിയത്.
ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ താരം തമിഴ്‌നാട്ടിലെ ഒരു റിസോർട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങി ഓടിയത് എന്തിന് എന്ന കാര്യത്തിലാണ് പ്രധാനമായും പോലീസ് വിശദീകരണം തേടുക.
എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍നിന്ന് കടന്നുകളഞ്ഞ ഷൈന്‍ ബൈക്കില്‍ ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതായി പോലീസിന് വ്യക്തമായിരുന്നു. ബൈക്കില്‍ ഇവിടെ എത്തിയ ഷൈന്‍, പുലര്‍ച്ചെയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി. ഓണ്‍ലൈനില്‍ മുറി ബുക്ക് ചെയ്ത് 11.30-ഓടെ ഹോട്ടലിനകത്തുകയറി. പുലര്‍ച്ചെ മൂന്നരയോടെ താരം ഓണ്‍ലൈന്‍ ടാക്‌സിയിലാണ് ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ പരിസരം വിട്ടത്.

