Saturday, May 18, 2024
spot_img

പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജന്‍സ് ആസ്ഥാനത്തെ സ്ഫോടനം: അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു; നാശനഷ്ടമുണ്ടാക്കിയത് റഷ്യന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചര്‍

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്‍റെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് റഷ്യന്‍ നിര്‍മിത റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. ഇത് റഷ്യൻ നിർമിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർ പി ജി) 22 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൊഹാലി പൊലീസ് പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം തിങ്കളാഴ്ച രാത്രി 7.45ഓടെയാണ് പഞ്ചാബ് പൊലീസിന്‍റെ ഇന്‍റലിജന്‍സ് ആസ്ഥാനത്ത് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഇന്‍റലിജന്‍സ് ആസ്ഥാനത്തെ ജനല്‍ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ആയുധം കണ്ടെടുത്തത്. സ്ഫോടനം നടത്താനായി അക്രമികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന ഫരീദ്ഘോട്ട് സ്വദേശിയായ നിശാൻ സിംഗ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാത്രമല്ല കാറിലെത്തിയ രണ്ടു പേര്‍ ചേര്‍ന്നാണ് ഇന്‍റലിജന്‍സ് ആസ്ഥാനത്ത് ആര്‍.പി.ജി വിക്ഷേപിച്ചതെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവ ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ചതിന് ഖലിസ്താന്‍ അനുകൂല പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സംഭവത്തില്‍ പ്രതികരിച്ചു.

Related Articles

Latest Articles