Tuesday, May 7, 2024
spot_img

പുരുഷന്മാരെ ഖനികളിലും ഫാക്ടറികളിലും അടിമകളെപ്പോലെ പണിയെടുപ്പിച്ചു! സ്ത്രീകളെ ലൈംഗിക അടിമകളാക്കി! എല്ലാം ദക്ഷിണ കൊറിയ മറന്നു; ഈ ഒറ്റ കാര്യത്തിന് വേണ്ടി മാത്രം !

ടോക്കിയോ : 12 വര്‍ഷത്തെ തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 12 വർഷങ്ങൾക്കു ശേഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജപ്പാനില്‍ കാലുകുത്തി. സന്ദർശനത്തിലൂടെ സാമ്പത്തിക-സുരക്ഷാ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കുകയും ഏഷ്യ പസഫിക് മേഖലയില്‍ ഉത്തര കൊറിയയും ചൈനയും ഇരുകൂട്ടർക്കുമെതിരെ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് പരിഹാര മാർഗങ്ങൾ തേടുകയും ചെയ്യും.

കഴിഞ്ഞ നവംബര്‍ 13ന് കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും പരസ്പരം കൈ കൊടുത്ത് ആശംസകള്‍ കൈമാറിയപ്പോൾ തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുക്കം ലോകരാജ്യങ്ങൾക്കിടയിൽ സംസാരവിഷയമായിരുന്നു

ഒരു നൂറ്റാണ്ട് മുമ്പ് കൊറിയന്‍ ഉപദ്വീപില്‍ ജപ്പാന്‍ നടത്തിയ കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടം മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ച് സഖ്യമായി മുന്നോട്ടു പോകാനുള്ള രണ്ട് രാജ്യങ്ങളും നടത്തിയ ശ്രമങ്ങൾ ഒന്നും വിജയത്തിലെത്തിയിരുന്നില്ല . ചൈനയും ഉത്തര കൊറിയയും ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അനുരഞ്ജന ശ്രമങ്ങൾ കൂടി വേഗത്തിലായി. ചര്‍ച്ചകള്‍ ഫലം കണ്ടാൽ ചൈനയ്‌ക്കെതിരെയുള്ള ഏത് നീക്കവും നേട്ടമായി കരുതുന്ന അമേരിക്കയ്ക്കും അതൊരു നാഴികക്കല്ലായി മാറും.

1910 മുതല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതും വരെ ദക്ഷിണ കൊറിയ ജപ്പാന്റെ കോളനിയായിരുന്നു. അടിമകളാക്കി ഭരിക്കുക എന്ന ജപ്പാന്റെ നയം ക്രൂരമായി നടപ്പാക്കിയത് ദക്ഷിണ കൊറിയയിലായിരുന്നു . ദക്ഷിണ കൊറിയയിലെ പുരുഷന്മാരെ ജപ്പാനിലെ ഖനികളിലും ഫാക്ടറികളിലും അടിമകളെപ്പോലെ പണിയെടുപ്പിച്ചിരുന്നു. ഒപ്പം സ്ത്രീകളെ ജാപ്പനീസ് സൈനികരുടെ ലൈംഗിക അടിമകളാക്കുകയും ചെയ്തു. വര്‍ഷങ്ങളേറെ കടന്നു പോയിട്ടും ജപ്പാനീസ് ക്രൂരതകൾ മുറിവുകള്‍ ദക്ഷിണ കൊറിയയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. സമവായ സാധ്യതകളെല്ലാം ദക്ഷിണ കൊറിയ തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ 2022 ല്‍ പ്രസിഡന്റ് പദവിയിലേക്കെത്തിയ യൂണ്‍ സക് യോളാണ് ആദ്യമായി ജപ്പാനോട് സൗഹൃദപരമായ നിലപാട് സ്വീകരിച്ചത്. അടിമപ്പണി എടുപ്പിച്ചതിന്റെ പേരില്‍ ജപ്പാന്‍ ദക്ഷിണ കൊറിയയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കൊറിയയിലെ കോടതി ഉത്തരവിട്ടപ്പോൾ നഷ്ടപരിഹാരം വേണ്ടെന്നും ജനങ്ങള്‍ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരം കൊറിയന്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്നും വ്യക്തമാക്കി യൂണ്‍ ഉത്തരകൊറിയക്കെതിരെയും ചൈനയ്‌ക്കെതിരെയും നിലകൊള്ളാൻ ജപ്പാനോടുള്ള ഐക്യം പ്രകടമാക്കി.

Related Articles

Latest Articles