Tuesday, May 14, 2024
spot_img

വിമാനത്തിനുള്ളിലെ പ്രതിഷേധം: വാട്സ്ആപ്പ് അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ശബരീനാഥന് പോലീസ് നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി വിമാനത്തിനുള്ളിൽ വധശ്രമം നടത്തിയ കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസിന്റെ നീക്കം. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അതേസമയം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തേക്ക് വിമാന യാത്ര വിലക്ക്. വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
ഇന്‍ഡിഗോ വിമാനക്കമ്പനിയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. എന്നാൽ, യാത്രാവിലക്കിനെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.

Related Articles

Latest Articles