ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്. രാഷ്‌ട്രീയക്കാരടക്കം നിരവധി പ്രമുഖ തടവുകാരുള്ള തിഹാർ ജയിൽ അതീവ സുരക്ഷാ മേഖലയാണ്. ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ജയിൽ അഡ്മിനിസ്ട്രേഷൻ ദില്ലി പൊലീസിനെ വിവരമറിയിക്കുകയൂം പരിശോധന നടത്തുകയും ചെയ്തു.
അതേസമയം, ഇതിനൊപ്പം നാലു ആശുപത്രികളിലും ഭീഷണി ഇ-മെയിൽ സന്ദേശമെത്തിയിട്ടുണ്ട്. ജിടിബി,ദാദദേവ്, ഹെഡ്ഗേവർ,ദീപ് ചന്ദ്ര ബന്ധു എന്നീ ആശുപത്രികളിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡും പൊലീസ് സംഘവും ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

