ചണ്ഡീഗഡ്: പഞ്ചാബ് പോലീസിലെ സീനിയർ വനിത കോൺസ്റ്റബിൾ ഹെറോയിനുമായി പിടിയിൽ. അമൻദീപ് കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് ഇന്ന് 18 ഗ്രാം ഹെറോയിനുമായി ബട്ടിൻഡയിൽ നിന്ന് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഥാർ കാറിന്റെ ഗിയർ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
പോലീസും ആന്‍റി – നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സും ബാദൽ റോഡിൽ നടത്തിയ പരിശോധനയിലാണ് അമൻദീപ് കൗര്‍ പിടിയിലായത്. അമൻദീപ് മൻസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായിരുന്നു. ഇവർ കുറേക്കാലമായി പോലീസിന്‍റെ നിരീക്ഷത്തിലായിരുന്നു. ബുധനാഴ്ച, ഡ്യൂട്ടി കഴിഞ്ഞ് പോലീസ് ലൈനിൽ നിന്ന് പുറത്തുവന്നപ്പോൾ തന്നെ വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ബന്ധപ്പെട്ട പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

