Monday, May 20, 2024
spot_img

പൊന്നമ്പലമേട്ടിലെ പൂജ ;ഒളിവിൽ പോയ നാരായണന്‍ നമ്പൂതിരിക്കായുള്ള തിരച്ചില്‍ വ്യാപകമാക്കി; ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് പൂജയെന്ന് എഫ്ഐആർ

പത്തനംതിട്ട : ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്ന് കയറി പൂജ നടത്തിയ സംഭവത്തില്‍ തിരുവിതാംകൂർ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തിൽ ബോര്‍ഡ് കൈകൊണ്ട നടപടികള്‍ വിശദീകരിച്ചാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പത്തനംതിട്ട മൂഴിയാര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ പരാതിയിന്മേലാണ് കേസ് എടുത്തിരിക്കുന്നത്

അയ്യപ്പഭക്തരെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂജ നടത്തിയതെന്നും ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് പൂജയെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, പൂജ നടത്താന്‍ സഹായിച്ചതിന് ഇന്നലെ പിടിയിലായ വനം വകുപ്പ് ജീവനക്കാരായ രാജന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ പച്ചക്കാനം പെരിയാര്‍ കടുവ സങ്കേതത്തിലെ വനപാലകരാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 8നാണ് തൃശൂർ സ്വദേശി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചെത്തി പൂജ നടത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ കൂലിയായി കറുപ്പയ്യയ്ക്കും സാബു മാത്യുവിനും നാരായണന്‍ നമ്പൂതിരി 3000 രൂപ നല്‍കിയെന്നും ആരോപണമുണ്ട്.

അതേസമയം ഒളിവിൽപോയ നാരായണന്‍ നമ്പൂതിരിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.സംഭവം വിവാദമായതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. നാരായണന്‍ നമ്പൂതിരി അടക്കം 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നാരായണന്‍ നമ്പൂതിരി ഒഴികെ മറ്റുള്ളവർ തമിഴ്നാട് സ്വദേശികളാണ്. വനത്തിൽ പ്രവേശിച്ച വിവരം ഇവർ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് ഇക്കഴിഞ്ഞ 8ന് നടന്ന സംഭവം പുറംലോകമറിഞ്ഞത്

Related Articles

Latest Articles