അഞ്ചൽ : ഇടതു മുന്നണിയിൽ പൂജ വിവാദം കത്തുന്നു. പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ സിപിഐ സംസ്ഥാന നേതാവു കൂടിയായ ചെയർമാന്റെ നേതൃത്വത്തിൽ പൂജ നടത്തിയതാണ് വിവാദത്തതിന് ആധാരം. അന്വേഷിച്ചു നടന്നിരുന്ന വടി കയ്യിൽ കിട്ടിയതോടെ പ്രശ്നം ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം നേതൃത്വം ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം ഏരൂർ എസ്റ്റേറ്റിലെ ഫാക്ടറിക്കു മുന്നിലായിരുന്നു വിവാദമായ പൂജ നടന്നത്.
ഈ സീസണിലെ കാർഷിക വിളവെടുപ്പിന്റെ ഭാഗമായി എസ്റ്റേറ്റിൽ നിന്നു ശേഖരിച്ച പഴക്കുലകളുമായി ഫാക്ടറിയിൽ ആദ്യം എത്തിയ വാഹനം, ചെയർമാൻ വി.ഇ.വിദ്യാധരന്റെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞു സ്വീകരിച്ചതാണു ഇപ്പോൾ വിവാദമായിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ പാടില്ല എന്നതാണു സർക്കാർ ചട്ടം.
എന്നാൽ എല്ലാ വർഷവും ഇത്തരം ചടങ്ങുകൾ പതിവാണ്. വിളവെടുപ്പിനു ശേഷം ആദ്യം ഫാക്ടറിയിൽ എത്തിക്കുന്ന പഴക്കുലകൾ സ്വീകരിക്കുമ്പോൾ നടത്തുന്ന ചടങ്ങിൽ എല്ലാ മത വിഭാഗക്കാരും പങ്കെടുക്കാറുണ്ട്.

