Thursday, October 29, 2026

വെടിക്കെട്ടില്ലാതെ പൂരനഗരി; മുണ്ടത്തിക്കോട് ദുരന്തത്തിന്റെ നൊമ്പരത്തിനിടയിലും തൃശ്ശൂർ പൂരം ഇന്ന്

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആചാരങ്ങൾ മുറതെറ്റിക്കാതെയും എന്നാൽ ആഘോഷങ്ങളുടെ പകിട്ട് കുറച്ചും തൃശ്ശൂർ പൂരം ഇന്ന് അരങ്ങേറും. വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരുഷാരം ഇന്നെത്തിച്ചേരും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരമാണെങ്കിലും പൂരപ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല.

ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നതോടെ പൂരത്തിന്റെ വിളംബരമായിരുന്നു. ഇന്ന് രാവിലെ മുതൽ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാരും വടക്കുന്നാഥനെ വണങ്ങാനായി എത്തിത്തുടങ്ങും. രാവിലെ 11 മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് തുടക്കമാകും. പഞ്ചവാദ്യ പ്രേമികൾ തെക്കേ മഠത്തിന് മുന്നിലെ പന്തലിന് ചുറ്റും ഇതിനോടകം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു.
പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് ഇക്കുറി നേരത്തെയാണ് ആരംഭിക്കുന്നത്. രാവിലെ 11.30ന് ചെമ്പട മേളത്തിന്റെ അകമ്പടിയോടെ തുടങ്ങുന്ന എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് രണ്ടോടെ ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളമായി മാറും. വൈകുന്നേരം 5.30ന് തെക്കേനടയിൽ കുടമാറ്റം നടക്കും. വെടിക്കെട്ട് ഒഴിവാക്കിയ സാഹചര്യത്തിൽ, ആചാരപരമായ ചടങ്ങുകൾ നിലനിർത്താൻ പുലർച്ചെ ഓരോ കതിന വീതം ഇരുവിഭാഗവും മുഴക്കും. നാളെ പകൽപൂരത്തിന് ശേഷം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.

Related Articles

Latest Articles