Thursday, January 8, 2026

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുട്ടിക്ക് കീഴ് താടിക്കും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമായി . തലയോട്ടിയിലെ പരിക്ക് മുറിക്കുള്ളിൽ സംഭവിച്ചതാണോ അതോ റോഡിൽ വീണുണ്ടായതാണോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ശുചീകരണത്തൊഴിലാളികളാണ് നടുറോ‍ഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ആദ്യം കണ്ടത്. കുഞ്ഞിനെ പൊതിഞ്ഞിരുന്ന ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് സമീപത്തെ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പോലീസ് എത്തിയത്. അപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറ‍ഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്. പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനേയും മറവ് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതിയുടെ മൊഴി. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരമായ ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ ഇൻസ്റ്റാഗ്രാം സുഹൃത്തിനെതിരെയും അന്വേഷണം നടക്കും. ഇയാൾ തൃശ്ശൂർ സ്വദേശിയായ നർത്തകനാണെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles