Monday, October 19, 2026

തെക്കൻ ഫിലിപ്പീൻസിൽ അതിശക്ത ഭൂകമ്പം !! 7.5 തീവ്രത രേഖപ്പെടുത്തി ; സമീപ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ്

മനില : തെക്കൻ ഫിലിപ്പീൻസിൽ അതിശക്ത ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഇന്ന് രാവിലെ അനുഭവപ്പെട്ടതായി രാജ്യത്തെ സീസ്മോളജി ഏജൻസി സ്ഥിരീകരിച്ചു. ഇതോടെ ഫിലിപ്പീൻസിലും സമീപ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകുകയും, തീരദേശവാസികളോട് ഉടൻതന്നെ ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾപ്രദേശങ്ങളിലേക്കോ മാറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മിൻഡാനാവോ മേഖലയിലെ ദാവോ ഓറിയന്റലിലുള്ള മനായ് പട്ടണത്തിന് സമീപം കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 7.6 എന്ന് രേഖപ്പെടുത്തിയ തീവ്രത പിന്നീട് 7.5 ആയി തിരുത്തി. ഭൂകമ്പത്തിന്റെ ആഴം 20 കിലോമീറ്ററാണെന്നും (12 മൈൽ) ഏജൻസി വ്യക്തമാക്കി.

ഭൂചലനത്തെ തുടർന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം ഭീഷണി മുന്നറിയിപ്പ് നൽകി. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) പരിധിയിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഫിലിപ്പീൻസിലെ മധ്യ-തെക്കൻ തീരദേശ പട്ടണങ്ങളിലെ ജനങ്ങൾ ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ ഏജൻസി ആവർത്തിച്ച് ആവശ്യപ്പെട്ടു. സാധാരണ വേലിയേറ്റത്തെക്കാൾ ഒരു മീറ്ററിലധികം ഉയരത്തിലുള്ള തിരമാലകൾ പ്രതീക്ഷിക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഫിലിപ്പീൻസിൽ 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്താൻ സാധ്യതയുണ്ട്.

ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി, പാപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇന്തോനേഷ്യ, പലാവു എന്നീ പസഫിക് ദ്വീപ് രാജ്യങ്ങളിലെ തീരങ്ങളിലും ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് PTWC അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും, സുരക്ഷിതമായ ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകളെ വിന്യസിക്കുമെന്നും പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അറിയിച്ചു. ശക്തമായ ഭൂചലനം ഉണ്ടായപ്പോൾ ജനങ്ങൾ പരിഭ്രാന്തരായെന്നും ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായും ദാവോ ഓറിയന്റൽ ഗവർണർ എഡ്വിൻ ജുബാഹിബ് പറഞ്ഞു.

ഓരോ വർഷവും 800-ലധികം ഭൂചലനങ്ങൾ അനുഭവപ്പെടുന്നതും പസഫിക് ‘റിംഗ് ഓഫ് ഫയറിൽ’ സ്ഥിതി ചെയ്യുന്നതുമായ രാജ്യമാണ് ഫിലിപ്പീൻസ്. രണ്ടാഴ്ച മുൻപ് സെബു ദ്വീപിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 72 പേർ മരണപ്പെട്ടിരുന്നു.

Related Articles

Latest Articles