ചെന്നൈ : ലോക ചെസ് ഫൈനലിൽ ലോക ഒന്നാം നമ്പർ നോർവീജിയൻ താരം മാഗ്നസ് കാള്‍സനെ നേരിടുന്ന ഇന്ത്യൻ അത്ഭുത ബാലൻ പ്രഗ്നാനന്ദയ്‌ക്കൊപ്പം മാദ്ധ്യമ ശ്രദ്ധ നേടി പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മിയും. മത്സരവേദികളിൽ മകനു കൂട്ടിരിക്കുന്ന അമ്മയുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഭാര്യയ്ക്കു പ്രശംസയുമായി പ്രഗ്നാനന്ദയുടെ പിതാവ് രമേഷ് ബാബു രംഗത്ത് വന്നു. ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടായതിനാൽ നാഗലക്ഷ്മിയാണ് വിദേശപര്യടനങ്ങളിൽ പ്രഗ്നാനന്ദയ്‌ക്കൊപ്പം കൂടെ പോകാറുള്ളത്. ടിവിക്കു മുന്നിൽ സമയം ചെലവഴിച്ചാൽ പഠനത്തിലെ ശ്രദ്ധ നഷ്ടമാകുമെന്ന് ഭയപ്പെട്ട് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും തങ്ങളുടെ മൂത്ത മകൾ വൈശാലിയെയാണ് ആദ്യം ചെസ് പഠിക്കാൻ അയച്ചത്. ചേച്ചിക്കൊപ്പമാണ് കുഞ്ഞു പ്രഗ്നാനന്ദ ചെസ് കളിയിലേക്ക് പിച്ചവയ്ക്കുന്നത്. ചെസിൽ പ്രഗ്നാനന്ദയ്ക്കുള്ള താൽപര്യം തിരിച്ചറിഞ്ഞതോടെ അവനെ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
“പ്രഗ്ഗ മിടുക്കനാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ട്. പക്ഷേ, ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ്. അവളാണ്, നിഴൽപോലെ കൂടെ നിന്ന് അവനുവേണ്ട എല്ലാ പിന്തുണയും നൽകുന്നത്. പ്രഗ്ഗയോ വൈശാലിയോ കളിക്കുമ്പോൾ ചെസ് കാണാറുണ്ട്. അല്ലാതെ ചെസിനെക്കുറിച്ച് വലിയ പിടിയില്ല. അവന്റെ നേട്ടങ്ങളുടെ വലുപ്പം മനസ്സിലായത് മറ്റു പലരും പറഞ്ഞറിഞ്ഞാണ്’– രമേഷ് ബാബു പറയുന്നു. മത്സരത്തലേന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് സുഖവിവരങ്ങൾ അന്വേഷിക്കുകയും ‘ഓൾ ദ് ബെസ്റ്റ്’ പറയുകയും ചെയ്യാറുണ്ട്. പക്ഷേ, സെമി ഫൈനലിനു മുൻപ് വിളിക്കാൻ സാധിച്ചില്ല. കരുവാനയ്ക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് അവൻ ജയിച്ചതെന്ന് അറിഞ്ഞു. ലോകോത്തര താരങ്ങളെ തോൽപിക്കാൻ മാത്രം മകൻ വളർന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം ഒരു അച്ഛന് വേറെ എന്താണു വേണ്ടത്? ” രമേഷ് പറഞ്ഞു.
അതെ സമയം ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാം ഗെയിം ഇന്ന് വൈകുന്നേരം 4. 30 ന് ആരംഭിക്കും. ഇന്നലെ നടന്ന ആദ്യ ഗെയിമിൽ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളയ്ക്കാൻ പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞിരുന്നു. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ആദ്യ ക്ലാസിക്കല്‍ മത്സരത്തില്‍ വെള്ളക്കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍ കറുത്തക്കരുക്കളാകും പ്രഗ്നാനന്ദയ്ക്ക് ലഭിക്കുക. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളാണ് ചെസ് ലോകകപ്പ് ഫൈനലിൽ ഉണ്ടാകുക. ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് കളിക്കാര്‍ക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് വര്‍ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ 30 മിനിറ്റും നല്‍കും. കൂടുതല്‍ പോയന്റ് നേടുന്നയാള്‍ കിരീടം സ്വന്തമാക്കും. ആദ്യ ഗെയിം സമനിലയിലായതോടെ നാളത്തെ രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോകകപ്പ് സ്വന്തമാക്കും. മത്സരം സമനിലയായാല്‍ ടൈബ്രേക്കറിലേക്ക് നീളും.
2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത ലഭിക്കുക.
കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ മാദ്ധ്യമ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നാലെ മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയതോടെ ലോകശ്രദ്ധ ഇന്ത്യയുടെ ഈ അത്ഭുത ബാലന് നേരെ തിരിഞ്ഞു. 2013 ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 വിഭാഗത്തില്‍ കിരീടം നേടിയ പ്രഗ്നാനന്ദ ഏഴാമത്തെ വയസ്സില്‍ ഫിഡെ ‘മാസ്റ്റര്‍’ പദവി നേടി. 2015 ല്‍ അണ്ടര്‍ 10 കിരീടം നേടി. 2016 ല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി പ്രഗ്നാനന്ദ ഏവരെയും അത്ഭുതപ്പെടുത്തിയപ്പോൾ ഇന്ത്യൻ അത്ഭുത ബാലന്റെ പ്രായം 10 വയസ്സും 10 മാസവുമായിരുന്നു. പിന്നാലെ 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രഗ്നാനന്ദ ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ പദവിയും നേടി.

