Saturday, May 4, 2024
spot_img

കോവിഡ് തൊഴില്‍ നഷ്ടമാക്കി; പ്രവാസി നഴ്‌സ് താമരകൃഷിയിലൂടെ നേടുന്നത് പ്രതിമാസം 30,000 രൂപ

പ്രൊഫഷണല്‍ കോഴ്‌സ് കഴിഞ്ഞാല്‍ മികച്ച ശമ്പളത്തില്‍ സ്വദേശത്തോ വിദേശത്തോ ഒരു വൈറ്റ് കോളര്‍ ജോലി. അതാണ് നാട്ടുനടപ്പ്. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നൊന്നായി നമ്മുടെ തൊഴില്‍ മേഖല തകര്‍ക്കുമ്പോള്‍ ഇത്തരം സ്വപ്‌നങ്ങള്‍ പലപ്പോഴും സാധ്യമാകണമെന്നില്ല. എന്നാല്‍ ഏത് പ്രതിസന്ധിയെയും അവസരമാക്കി മാറ്റാണ് യുവതീ യുവാക്കള്‍ ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് കാണിച്ചു തരികയാണ് എല്‍ദോസ് രാജുവെന്ന യുവാവ്. പിറവം രാമമംഗലത്തെ മാമലശേരിക്കാരന്‍ എല്‍ദോസ് രാജുവാണ് വ്യത്യസ്തമായ ‘കരിയര്‍’ കെട്ടിപ്പടുത്ത് നമുക്ക് മാതൃകയാകുന്നത്. സ്വന്തം വീടിന്റെ ടെറസില്‍ ഒരു താമരക്കുളം തീര്‍ത്താണ് ഈ യുവാവ് ഉപജീവനമാര്‍ഗം കണ്ടെത്തിയത്. പ്രതിമാസം മുപ്പതിനായിരം രൂപയാണ് ഇദ്ദേഹത്തിന്റെ കുറഞ്ഞ ശമ്പളം.

2007ലാണ് എല്‍ദോസ് നഴ്‌സിങ് പൂര്‍ത്തിയാക്കിയത്. ശേഷം കൊല്‍ക്കത്തയില്‍ പ്ലാസന്റല്‍ ബ്ലഡ് കളക്ഷന്‍ സെന്ററില്‍ ജോലിയ്ക്കായി സുഹൃത്തിനൊപ്പം പോയി.എന്നാല്‍ ഒരുപാട് സ്വപ്‌നങ്ങളുമായി വണ്ടി കയറിയ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് എല്‍ദോസ് പറയുന്നു. പിന്നീട് ജോലിക്കായി ഒരുപാട് അലയേണ്ടി വന്നു.നഴ്‌സിങ് മേഖലയില്‍ കടുത്ത മത്സരമായിരുന്നു. എങ്ങിനെയെങ്കിലും തന്റെ പപ്പ സമാധാനമായി ജീവിക്കുന്നത് കാണണമെന്ന ആഗ്രഹമായിരുന്നു. അതാണ് ജോലിയെന്ന് കേട്ടപാടെ കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. വണ്ടിയില്‍ വലിഞ്ഞു തൂങ്ങി അവിടെ എത്തുമ്പോള്‍ കുറേ പ്ലാനിങ്ങുണ്ടായിരുന്നു മനസിലെന്ന് എല്‍ദോസ് പറയുന്നു. ഒരു മുറിയെടുത്ത് കുളിച്ചുവൃത്തിയായി ജോലി സ്ഥലത്തെത്തിയപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ടതായി മനസിലായത്. ഇടുങ്ങിയ ഒരു ചെറിയ മുറിയില്‍ കുറേ പേര്‍ ഇരുന്ന് പാക്ക് ചെയ്യുന്നു. നിങ്ങള്‍ക്ക് എക്‌സ്പീരിയന്‍സ് ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

അതോടെ ആശങ്ക കടുത്തു. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. കൈയ്യില്‍ കുറഞ്ഞ തുക മാത്രമായിരുന്നു ഉണ്ടായിരുന്നത്.വളരെ സൂക്ഷിച്ച് ചെലവാക്കിയാണ് അവിടെ രണ്ട് മാസം തള്ളി നീക്കിയത്. ആ ദിവസങ്ങളില്‍ തൊഴിലന്വേഷണമായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ വീട്ടിലുള്ളവരെ ഞങ്ങള്‍ ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നില്ല. രണ്ട് മാസം കഷ്ടപ്പെട്ട് അലഞ്ഞിട്ടും ജോലിയൊന്നും ശരിയായില്ല. തിരിച്ച് നാട്ടിലേക്ക്തന്നെ മടങ്ങേണ്ടി വന്നുവെന്ന് എല്‍ദോസ് പറയുന്നു. നാട്ടിലെത്തി ഏതാനും മാസങ്ങള്‍ക്കകം മനുവിന് മുംബൈയില്‍ ജോലി കിട്ടി.പിന്നാലെ അവന്‍ എല്‍ദോയ്ക്കും ജോലി ശരിയാക്കി.ജോലി ലഭിച്ചുവെന്ന വിവരം അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരമെന്താണെന്ന് നിര്‍വചിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് എല്‍ദോസ് പറയുന്നു.1500 രൂപ ശമ്പളമായിരുന്നു കമ്പനി വാഗ്ദാനം. എന്നാല്‍ ആത്മാര്‍ത്ഥയും അഭിരുചിയും അയാള്‍ക്ക് ഇരട്ടി ശമ്പളം നേടിക്കൊടുത്തു.

രണ്ട് വര്‍ഷത്തിന് ശേഷം ഖത്തര്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ചു. പത്ത് വര്‍ഷം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചുപോന്നു. ഇനിയെങ്കിലും കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രമായിരുന്നു മനസില്‍. സ്വന്തമായി വീടുണ്ടാക്കുകയും കടങ്ങള്‍ തീര്‍ക്കുകയും ചെയ്തു.നാട്ടിലെത്തിയ ശേഷം ഇടപ്പള്ളിയില്‍ ഒരു ജോലിക്ക് ചേര്‍ന്നുവെങ്കിലും കോവിഡ് സാമ്പത്തികമേഖലയാകെ പിടിമുറുക്കി.ജോലി തേടല്‍ പിന്നെയും തുടര്‍ന്നപ്പോഴാണ് കോവിഡ് തൊഴില്‍മേഖലയെ എത്രത്തോളം ബാധിച്ചുവെന്ന് മനസിലാകുന്നത്.ഗള്‍ഫിലുള്ള ജോലി രാജി വെച്ച് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമായിരുന്നു. എന്നാല്‍ പ്രവാസി നാട്ടില്‍ സെറ്റിലാകാന്‍ ബുദ്ധിമുട്ടാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നുവെന്ന് എല്‍ദോസ് പറയുന്നു. കോവിഡ് കാലത്ത് ഒത്തിണങ്ങിയ ജോലിയൊന്നും ലഭിക്കാതെയായപ്പോള്‍ ഒരു ബ്രേക്ക് എടുക്കാമെന്ന് വിചാരിച്ചു. ഈ കാലയളവിലാണ് താമരകൃഷിയിലേക്ക് മനസ് നീങ്ങിയത്.

പിതാവ് കര്‍ഷകനായതിനാല്‍ ആ വഴി തന്നെ പരീക്ഷിക്കാമെന്ന് കരുതി. കുട്ടിക്കാലത്ത് തന്നെ ചെടികളും മീന്‍ വളര്‍ത്തലുമൊക്കെ എല്‍ദോസിന്റെ ഹോബിയായിരുന്നു. ഈ ഹോബിയാണ് അദ്ദേഹത്തിന് മുമ്പില്‍ ഒരു തൊഴില്‍ സാധ്യതയായി മാറിയത്. ടെറസില്‍ ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ താമര കൗതുകത്തിനാണ് വളര്‍ത്തി നോക്കിയത്. താമര ആകെ പൂത്തുലഞ്ഞപ്പോള്‍ സന്തോഷം പങ്കുവെക്കാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിന് വലിയ സ്വീകാര്യത ലഭിച്ചപ്പോള്‍ ‘രാജൂസ് ഫ്‌ളോറല്‍സ്’ എന്ന പേരില്‍ ഒരു പേജ് തുടങ്ങി. പിതാവിന്റെ പേരില്‍ തുടങ്ങിയ ഈ പേജില്‍ ആളുകള്‍ പൂക്കളെ കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചു. മിച്ചം വരുന്ന ട്യൂബ്‌റുകള്‍ ഞാന്‍ വില്‍ക്കാന്‍ വെച്ചു. അതിന് ലഭിച്ച പ്രതികരണമാണ് ഇതൊരു തൊഴില്‍ സാധ്യതയാക്കി വളര്‍ത്താനുള്ള പ്രചോദനമെന്ന് എല്‍ദോസ് പറയുന്നു. താമര പൂക്കളും വിത്തുകള്‍ക്കുമായി ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കൊമേഴ്‌സ്യലായി .ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പനയും ഓര്‍ഡര്‍ സ്വീകരിക്കുന്നതുമൊക്കെ.

ഇപ്പോള്‍ പ്രതിമാസം മുപ്പതിനായിരം രൂപയാണ് ടെറസിലെ താമരകൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമെന്ന് എല്‍ദോസ് പറയുന്നു.ഹൈബ്രിഡ് താമരകളാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കൊച്ചു കൊച്ചു ടബ്ബകളില്‍ അവ നമുക്ക് ടെറസില്‍ തന്നെ വളര്‍ത്താന്‍ സാധിക്കും . ഓര്‍ഡറുകള്‍ അധികവും അന്യസംസ്ഥാനത്ത് നിന്നാണ് തനിക്ക് ലഭിക്കുന്നതെന്ന് എല്‍ദോസ് വ്യക്തമാക്കുന്നു.ഉത്തരേന്ത്യക്കാര്‍ക്ക് താമരയുമായുള്ള ആത്മീയ ബന്ധം എല്‍ദോസിന് ഗുണം ചെയ്തു. താമരയുടെ ട്യൂബെറും മറ്റും വാങ്ങാനായില താല്‍പ്പര്യപ്പെടുന്നവര്‍ തന്നെ ബന്ധപ്പെടുമ്പോള്‍ അവര്‍ക്ക് പരിപാലന രീതികള്‍ കൂടി വിശദമാക്കുന്ന വീഡിയോയും പങ്കുവെക്കാറുണ്ടെന്ന് എല്‍ദോസ് പറയുന്നു.ഒരു നഴ്‌സ് ആ മേഖലയില്‍ ജോലി നോക്കാതെ താമരയും വിറ്റു നടക്കുകയാണോ എന്നൊക്കെ ചിലര്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ കൃഷിയൊരു മോശം തൊഴിലല്ല, എന്ത് കൃഷി ചെയ്താലും അതിലൊരു സത്യമുണ്ട്. മണ്ണ് ചതിക്കില്ല. നാട്ടിലെ നഴ്‌സിന് കിട്ടുന്നതിനേക്കാള്‍ വരുമാനം തനിക്കുണ്ടെന്ന് എല്‍ദോസ് പറയുന്നു.നാട്ടില്‍ സെറ്റിലാകാന്‍ ആലോചിക്കുന്ന പ്രവാസികള്‍ക്കും കോവിഡ് കാരണം തൊഴില്‍ നഷ്ടമായവര്‍ക്കും ഭാവിയിലേക്കുള്ള ഒരു പ്രചോദനമാണ് ഈ യുവാവ്.

Related Articles

Latest Articles