Saturday, January 10, 2026

ചരിത്രത്തിലേക്ക് പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു; അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചത് ഉന്നത സൈനിക ഉദ്യോഗസ്ഥർ; രാഷ്ട്രപതിയേയും കൊണ്ട് പറക്കുന്നത് ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് കനത്ത പ്രഹരം നൽകിയ റഫാൽ യുദ്ധവിമാനം

അംബാല: റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രം സൃഷ്ടിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതിയേയും കൊണ്ട് യുദ്ധവിമാനം പറന്നുയർന്നത്. ഇന്ന് രാവിലെ അംബാല വ്യോമതാവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്വീകരിച്ചു. സൈന്യം നൽകിയ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും സൈനിക ഉദ്യോഗസ്ഥരുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തതിന് ശേഷമാണ് രാഷ്ട്രപതി ചരിത്രപ്പറക്കൽ നടത്തിയത്.

https://twitter.com/i/status/1983410681476162000

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി ദ്രൗപദി മുർമു യുദ്ധവിമാനത്തിൽ പറക്കുന്നത്. 2023 ഏപ്രിൽ എട്ടിന് സുഖോയ് 30 എം കെ ഐ യുദ്ധവിമാനത്തിലാണ് രാഷ്ട്രപതി ആദ്യം പറന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി റഫാൽ യുദ്ധവിമാനത്തിൽ പറക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും അത്യാധുനികമായ യുദ്ധ വിമാനമാണ് റഫാൽ. ഫ്രാൻസിൽ നിന്നുള്ള ആദ്യ ബാച്ച് റഫാൽ യുദ്ധവിമാനങ്ങളിൽ ഒന്നിലാണ് ഇന്ന് രാഷ്ട്രപതി യാത്ര ചെയ്‌തത്‌. ഗോൾഡൻ ആരോസ് സ്ക്വാഡ്രനിൽ അംബാലയിലാണ് ഈ വിമാനങ്ങൾ വിന്യസിച്ചിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ സജീവമായി പങ്കെടുത്ത യുദ്ധ വിമാനമായിരുന്നു റഫാൽ. പാക് സൈന്യത്തിനും ഭീകര കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടമാണ് റഫാൽ യുദ്ധവിമാനങ്ങൾ വരുത്തിയത്. ഈ വിമാനത്തിൽ ഇന്ത്യയുടെ സർവ്വ സൈന്യാധിപ കൂടിയായ രാഷ്ട്രപതി പറക്കുന്നത് ശത്രുക്കൾക്ക് വ്യക്തമായ സന്ദേശമാണ് നൽകുന്നത്. ഓപ്പറേഷൻ ത്രിശൂൽ എന്ന പേരിൽ ഇന്ത്യയുടെ വൻ സൈനിക അഭ്യാസത്തിന് മുന്നോടിയായാണ് രാഷ്ട്രപതിയുടെ പറക്കൽ എന്നതും ശ്രദ്ധേയം. യുദ്ധവിമാനത്തിൽ പറക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. നേരത്തെ മുൻരാഷ്ട്രപതിമാരായ എ പി ജെ അബ്ദുൾ കലാമും, പ്രതിഭാ പാട്ടീലും സുഖോയ് 30 യുദ്ധ വിമാനങ്ങളിൽ പറന്നിരുന്നു.

Related Articles

Latest Articles