Sunday, December 14, 2025

പത്മനാഭ സ്വാമിയുടെ അനുഗ്രഹവുമായി മടക്കം; മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ഇന്ന് തിരികെ ദില്ലിയിലേക്ക്

തിരുവനന്തപുരം: പത്മനാഭ സ്വാമിയുടെ അനുഗ്രഹവും ഏറ്റുവാങ്ങി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് (Ram Nath Kovind) ഇന്ന് ദില്ലിയിലേക്ക് മടങ്ങും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം മടങ്ങുക. ഇതിന്റെ പശ്ചാത്തലത്തിൽ രാവിലെ മുതൽ ഉച്ചയ്ക്ക് 1 മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്നലെ രാവിലെയും തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇതിനുപുറമേ രാഷ്‌ട്രപതിയുടെ വാഹനം കടന്നു പോകുന്ന റോഡുകളിലും സമീപ മേഖലകളിലും വാഹനം പാർക്ക് ചെയ്യുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസമാണ് ത്രിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിൽ എത്തിയത്. കുടുംബവും ഒപ്പമുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കൊച്ചിയിൽ നിന്നും ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തുപുരത്ത് എത്തിയത്.

കൊച്ചിയിൽ എത്തിയ രാംനാഥ് കോവിന്ദ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തി ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ശേഷം തലസ്ഥാനത്ത് എത്തിയ അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ പ്രതിമ അനാവരണം ചെയ്തു. ഇന്നലെ വൈകീട്ട് പത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടി അദ്ദേഹവും കുടുംബവും പത്മനാഭ ക്ഷേത്രത്തിലും എത്തിയിരുന്നു.

Related Articles

Latest Articles