Monday, November 2, 2026

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം: ഭരണച്ചുമതല ഭരണസമിതിക്ക് കൈമാറാമെന്ന് സത്യവാങ്മൂലം; ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സുപ്രീംകോടതിയിൽ

ദില്ലി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്റെ ഭരണച്ചുമതല അഞ്ചാംഗ സമിതിയ്ക്ക് കൈമാറാമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിയാണ് ഇത്. ക്ഷേത്ര ഉപദേശക സമിതിയുടെ അധ്യക്ഷനായി മലയാളിയായ ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്നും ട്രസ്റ്റി ചുമതല ഒഴിയാന്‍ അനുമതി തേടി നിലവിലെ എക്‌സിക്യുട്ടീസ് ഓഫീസറും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തില്‍ കൂടുതല്‍ തുക ചിലവഴിക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും, ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്ബ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്ഷേത്ര ഭരണത്തെ സംബന്ധിച്ച്‌ എന്തെങ്കിലും രീതിയിലുള്ള പരാതി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ സാധിക്കുമെന്നും അഭിഭാഷകന്‍ ശ്യാം മോഹന്‍ മുഖേനെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ട്രസ്റ്റി വ്യക്തമാക്കുന്നു.

അതേസമയം ട്രസ്റ്റി നല്‍കിയിരിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതി അംഗീകരിച്ചാല്‍ ഭരണസമിതിയും, ഉപദേശക സമിതിയും ഏറെ വൈകാതെ രൂപീകരിക്കാന്‍ സാധിക്കും. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിൽ ഉള്ള ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗം ഒഴിയുകയാണെങ്കില്‍, ആ സ്ഥാനത്തേക്ക് പകരം വ്യക്തിയെ നിയമിക്കും.

Related Articles

Latest Articles