Saturday, May 18, 2024
spot_img

ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ആഫ്രിക്കയിലേക്ക് തിരിച്ചു

ദില്ലി : ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച യാത്ര തിരിച്ചു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനം. ബെനിൻ, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുക.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള ആദ്യപടിയായാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനം. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് രാംനാഥ് കോവിന്ദ്. കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും ലോക്‌സഭാംഗമായ ദിലീപ് ഘോഷും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.

ഓഗസ്റ്റ് ഒന്നിന് ഗിനിയയിലെത്തുന്ന രാഷ്ട്രപതിയെ പ്രസിഡന്‍റ് ആല്‍ഫ കോണ്ടേ സ്വീകരിക്കും. തൊട്ടടുത്ത ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനം രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാം നാഥ് കോവിന്ദിന്‍റെ നാലാം ഔദ്യോഗിക ആഫ്രിക്കന്‍ സന്ദര്‍ശനമാണിത്.

Related Articles

Latest Articles