ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ തലവനായിരുന്ന യൂനുസിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇപ്പോൾ ബംഗ്ലാദേശിൽ ശക്തിപ്പെടുന്നു.തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങണമെന്ന ആവശ്യം ഉയരുന്നുണ്ട്.മുൻപുള്ള ഇടക്കാലസർക്കാരുകളെല്ലാം മൂന്നുമാസത്തിനുള്ളിൽ തെരെഞ്ഞെടുപ്പ് നടത്തിയെന്നും പത്തുമാസം കഴിഞ്ഞിട്ടും യൂനുസ് സർക്കാർ അതിനു തയ്യാറാകുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.സംവരണപ്രശ്നമുയർത്തി വിദ്യാർഥികളുടെ നേതൃത്വത്തിൽനടന്ന പ്രക്ഷോഭത്തെത്തുടർന്ന് 2024 ഓഗസ്റ്റിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെയാണ് ഇടക്കാലസർക്കാർ അധികാരമേറ്റത്. ജപ്പാനിൽ ഔദ്യോഗികസന്ദർശനം നടത്തുന്ന യൂനുസ്, തെരെഞ്ഞെടുപ്പ് ഡിസംബറിനും 2026 ജൂണിനുമിടയിൽ നടത്തുമെന്ന് കഴിഞ്ഞ ദിവസവും പറഞ്ഞു.
എത്രത്തോളം പരിഷ്കാരങ്ങൾ വേണ്ടിവരുമെന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നും അറിയിച്ചു. എന്നാൽ, പരിഷ്കാരങ്ങളുടെ കാര്യത്തിൽ പാർട്ടികൾക്കുളിൽ അഭിപ്രായ ഐക്യമില്ലാത്തതിനാൽ അത് വരുന്ന സർക്കാർ നോക്കിക്കൊള്ളുമെന്നാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പറയുന്നത്. കൂടാതെ യൂനുസിന്റെ രാജി ആവശ്യപ്പെട്ട് ബിഎൻപി ധാക്കയിൽ പടുകൂറ്റൻ റാലിനടത്തി.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ സമ്മർദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ റാലിയിൽ പതിനായിരക്കണക്കിനു യുവാക്കൾ പങ്കെടുത്തു.അതേസമയം സൈന്യത്തിന്റെ നിലപാടും ബിഎൻപിക്ക് അനുകൂലമാണ്. ഡിസംബറിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് കരസേനാമേധാവി ജനറൽ വാകെർ ഉസ് സമാൻ കഴിഞ്ഞയാഴ്ച ഇടക്കാലസർക്കാരിനോട് ആവശ്യപ്പെട്ടു. നാവിക, വ്യോമസേനാ മേധാവികൾക്കൊപ്പം യൂനുസിനെ കണ്ടാണ് ഈയാവശ്യമുന്നയിച്ചത്. രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തിൽ അദ്ദേഹം അസംതൃപ്തി രേഖപ്പെടുത്തകയും ചെയ്തു.

