ദില്ലി : റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേല്‍ വീണ്ടും തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നടപടി രാജ്യാന്തര തലത്തിൽ ചൂടുള്ള ചർച്ചയാകുന്നതിനിടെ നിലവിൽ നൽകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങളും അമേരിക്ക ഏർപ്പെടുത്തുന്ന തീരുവകളും റഷ്യന്‍ ക്രൂഡോയിലിന് ഡിമാന്‍ഡ് കുറയ്ക്കുമെന്ന് കണ്ടാണ് റഷ്യ ഇന്ത്യയ്ക്ക് വില കുറച്ച് വില്‍ക്കാന്‍ സന്നദ്ധമാകുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുറാൽ ക്രൂഡിന്റെ വിലയേക്കാൾ ബാരലിന് അഞ്ച് ഡോളർ കുറഞ്ഞ നിരക്കിലാണ് റഷ്യയുടെ ബ്രെന്റ് ക്രൂഡോയിൽ വിൽക്കുന്നതെന്ന് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ കാരണം വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സൂചന.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് പകരം മറ്റ് മാർഗങ്ങൾ തേടുന്നത് ചെലവേറിയതാണെങ്കിലും, ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി കുറച്ചിട്ടുണ്ട്. അതേസമയം, സ്വകാര്യ കമ്പനികൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുകയും ചെയ്തു.
അമേരിക്കയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മേയ് മാസം മുതൽ പ്രതിദിനം 2,25,000 ബാരലായി ഇത് ഉയർന്നു. 2025-ന്റെ തുടക്കത്തിലെ ഇറക്കുമതിയെക്കാൾ ഇരട്ടിയാണിത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാൻ അമേരിക്ക വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 50 ശതമാനം പകരം ചുങ്കം ഏർപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

