കൊല്ലം :ധ്യാനത്തിനെത്തിയ പെൺകുട്ടിയെ രണ്ട് വർഷത്തോളം നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ പുരോഹിതൻ പോലീസ് പിടിയിൽ. ഫാദർ ഡെന്നിസ് പ്രവീണിനെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ പ്രതി ആറോളം തവണ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് അതിജീവിതയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
നീണ്ടകരയിലെ ഒരു ആരാധനാലയത്തിൽ വൈദികനായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് അവിടെ വെച്ച് മൂന്ന് തവണയും, പിന്നീട് തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്ഥാപനത്തിൽ വെച്ച് മൂന്ന് തവണയും ഇയാൾ പീഡനം തുടർന്നതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അതിജീവിതയുടെ രഹസ്യമൊഴി ഉൾപ്പെടെയുള്ളവ പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ഭാഗത്തുനിന്ന് സമാനമായ രീതിയിൽ മറ്റ് ആർക്കെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം അതീവ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ ആവശ്യമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കിയ ശേഷം നാളെ രാവിലെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.

