ഭോപാൽ : ബിഹാറിലെ നിതീഷ് കുമാര്‍ സർക്കാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ, പ്രതിപക്ഷം ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. മുൻപു ചെയ്തതുപോലെ ഇപ്പോഴും ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നുവെന്നും നേരത്തെ അഴിമതിക്കാരായിരുന്ന അവർ ഇപ്പോൾ കൂടുതൽ അഴിമതി കാണിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
‘‘അവർ മുൻപും പാവങ്ങളുടെ വികാരം വച്ച് കളിക്കുകയായിരുന്നു. ഇന്നും അതു തുടരുന്നു. മുൻപു ചെയ്തതുപോലെ ഇപ്പോഴും ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു. നേരത്തെ അഴിമതിക്കാരായിരുന്ന അവർ ഇപ്പോൾ കൂടുതൽ അഴിമതി കാണിക്കുന്നു’’– പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ, മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. ജാതി സെൻസസ് റിപ്പോർട്ട് ബിഹാർ സർക്കാർ ഇന്നാണ് പുറത്തുവിട്ടത്. 12 കോടി ജനസംഖ്യയുള്ള ബിഹാറിലെ 36% അതിപിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നു റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലായി പറയുന്നു. 27.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരുമാണെന്നു സെൻസസ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് 81.99% ഹിന്ദുക്കളാണ്.
മുസ്‌ലിം ജനസംഖ്യ 17.7% ആണ്. പട്ടികവർഗം 19.65%, യാദവ വിഭാഗം 14%, മുസാഹർ 3%, ബ്രാഹ്മണർ 3.65%, ക്രിസ്ത്യാനികൾ 0.05%, സിഖ് വിശ്വാസികൾ 0.01%, ബുദ്ധമത വിശ്വാസികൾ 0.08%, മറ്റു മതവിശ്വാസികൾ എല്ലാവരും കൂടി 0.12% എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാർ

