Saturday, May 11, 2024
spot_img

ദില്ലിയിലെ ഐ എസ് അറസ്റ്റ്; ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു; വിവിധയിടങ്ങളിൽ പരീക്ഷണാർത്ഥം സ്ഫോടനം നടത്തി; പാക് ഐ എസ് ഐയുടെ സഹായം ഭീകരർക്ക് ലഭിച്ചെന്ന് ദില്ലി പോലീസ്

ദില്ലി: കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നു എന്ന് ദില്ലി പോലീസ്. പല സംസ്ഥാനങ്ങളിലായി സംഘം പരീക്ഷണാർത്ഥം സ്ഫോടനങ്ങൾ നടത്തി. പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സഹായം ഭീകരർക്ക് ലഭിച്ചെന്നും പോലീസ് പറഞ്ഞു.

മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഷാനവാസ് ലക്ഷ്യമിട്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ യാത്രാ വഴികളിൽ ഐഇഡി സ്ഫോടനമായിരുന്നു ലക്ഷ്യമിട്ടത്. ദില്ലി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർത്ഥം സ്ഫോടനങ്ങൾ നടത്തി. പാക് ഐഎസ്ഐയുടെ സഹായത്തോടെ ദില്ലിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടു. എന്നിട്ട് അഫ്ഗാനിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു.

ഷാനവാസടക്കം മൂന്നു പേരുടെ ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. കോടതി ആറ് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടത്. പ‍‍‍‍ഠനകാലത്ത് ഇവർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായെന്നാണ് പോലീസ് പറയുന്നത്. ജയ്പൂരിൽ നിന്നാണ് ഷാനവാസും സംഘവും പിടിയിലായത്. ഇയാള്‍ കേരളത്തിലും എത്തിയെന്ന് ദില്ലി പോലീസ് സ്പെഷ്യൽ സെൽ ഇന്നലെ പറഞ്ഞു. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷ്യൽ സെൽ വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്. ഷാനവാസിനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേരും ഐഎസ് സ്ലീപർ സെലിൽ പെട്ടവരാണ്. മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് വടക്കേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഷാനവാസിന് ഒപ്പം നിന്നത്.

Related Articles

Latest Articles