Saturday, December 20, 2025

ഏപ്രിൽ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് !മുന്നണിക്ക് ഗുണം ചെയ്യുക 3 മണ്ഡലങ്ങളിൽ; നിർണ്ണായക നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. ഏപ്രിൽ 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം. 15 ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതു പരിപാടിയിൽ നരേന്ദ്രമോദി പങ്കെടുക്കും. നേരത്തെ കരുവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുടയിലേക്ക് പ്രധാനമന്ത്രി എത്തിയേക്കും എന്നായിരുന്നു റിപ്പോർട്ട്.

കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അന്തിമ അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നത് ആലത്തൂർ, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോൺഗ്രസിനെതിരെയും പ്രചരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം.

Related Articles

Latest Articles