Tuesday, April 30, 2024
spot_img

പാനൂർ സ്ഫോടന കേസ് !ഡിവൈഎഫ്ഐ നേതാവടക്കം റിമാൻഡിൽ ; ബോംബ് നിർമിക്കാൻ മുൻകയ്യെടുത്തവരെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു

പാനൂർ സ്ഫോടന കേസിൽ ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് എന്നിവർ റിമാൻഡിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ കസ്റ്റഡിയിലാണ്. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്. ‍‍അമൽ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നുമാണ് പോലീസ് കണ്ടെത്തൽ. പരിക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.

അതേസമയം ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെ ഇത് വരെയും പിടികൂടാനായിട്ടില്ല. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് കരുതുന്നത്. സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അതേസമയം സ്‌ഫോടനത്തിൽ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുന്നതിനിടെയും സിപിഎം പ്രാദേശിക നേതാക്കള്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത് വിവാദമായിട്ടുണ്ട്.

അതേസമയം പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പാനൂരിൽ നടന്ന സ്ഫോടനം പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Related Articles

Latest Articles