Sunday, May 5, 2024
spot_img

റിവേഴ്‌സ് ഗിയറില്‍ പോകുന്ന തിരുവനന്തപുരത്തെ മുന്നോട്ടു നയിക്കുക ലക്ഷ്യം !വിശ്വപൗരനാകാനും ഇംഗ്ലീഷ് പറഞ്ഞ് അമ്പരപ്പിക്കാനുമല്ല മത്സരമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിശ്വപൗരനാകാനോ ഇംഗ്ലീഷ് പറഞ്ഞ് സാധാരണ ജനങ്ങളെ ആശ്ചര്യപ്പെടുത്താനോ അല്ലെന്നും, ജനങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പരമാവധി പരിഹരിച്ച് ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഒരു വ്യോമസേനാ ഓഫീസറുടെ മകനെന്ന നിലയിൽ തന്റെ പ്രഥമ പരിഗണന രാഷ്ട്രസേവനത്തിനാണെന്നും മരണം വരെ ഭാരതത്തിന്റെ അഭിമാനം കാക്കാൻ വേണ്ടി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

“വികസനത്തിൻ്റെ റിവേഴ്സ് ഗിയറിൽ പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ഗിയർ മാറ്റി മുന്നോട്ടു നയിക്കുകയാണ് തന്റെ ദൗത്യം. ഇവിടെ വേണ്ടത് പുരോഗതിയും വികസനവും തൊഴിലും നിക്ഷേപവുമാണ്. ഇത് യാഥാർത്ഥ്യമാക്കാനുള്ള കാര്യങ്ങൾ താൻ സമയബന്ധിതമായി ചെയ്തു കാണിക്കും.

ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് 18 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത്. കുണ്ടും കുഴിയുമില്ലാത്ത റോഡുകളും ടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധമായ കുടിവെള്ളവും ഉജ്വൽ യോജന സബ്സിഡിയിൽ ലഭിക്കേണ്ട ഗ്യാസ് കണക്ഷനുകളുമൊന്നും ഇനിയുമെത്താത്ത എത്രയോ വീടുകൾ നമ്മുടെ തിരുവനന്തപുരത്ത് ഇപ്പോഴുമുണ്ട്.

മന:സ്സമാധാനത്തോടെ അന്തിയുറങ്ങാൻ കഴിയുന്ന വീടുകളും തീരദേശവാസികളടക്കം തിരുവനന്തപുരത്തെ ജനങ്ങൾ കാലാകാലമായി അനുഭവിച്ചു വരുന്ന നിത്യജീവിത പ്രശ്നങ്ങൾക്ക് ആവും വിധം പരിഹാരമുണ്ടാക്കും. ഇവ സ്വപ്നമായി കടലാസിൽ ഒതുങ്ങരുത് . ഇതെല്ലാം യാഥാർത്ഥ്യമാക്കുകയെന്നത് ഒരു നിയോഗമായിത്തന്നെ ഞാൻ കരുതുന്നു. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഞാൻ അത് ചെയ്യുക തന്നെ ചെയ്യും.

തീർത്തും അനാവശ്യമായ വിഷയങ്ങളും നുണകളും പറഞ്ഞ് വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് ഇടത് വലത് സർക്കാരുകൾ കാലാകാലങ്ങളായി കേരളത്തിൽ ചെയ്തു വരുന്നത്. അതിന്റെ പരിണിതഫലമാണ് തിരുവനന്തപുരം നേരിടുന്ന ദുരവസ്ഥ. ഇവിടെ പരമാവധി നിക്ഷേപങ്ങളും ഒട്ടേറെ വികസന പദ്ധതികളും കൊണ്ടു വന്ന് ഒരു മാറ്റമുണ്ടാക്കാനുള്ള നിയോഗവുമായാണ് ഞാൻ ഇറങ്ങിയിരിക്കുന്നത്. കാര്യങ്ങൾ ചെയ്തു കാണിക്കുന്ന രാഷ്ട്രീയമാണ് എൻ്റേത്. പുരോഗതി, വികസനം, തൊഴിലവസരങ്ങൾ, നിക്ഷേപം എന്നിവയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഇതിനെ കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ച്ചപാടുണ്ട്. അത് നടപ്പിലാക്കി കാണിക്കുകയാണ് എന്റെ ദൗത്യം.” – അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles