പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌ൻ സന്ദർശിക്കും. വരുന്ന വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി സന്ദർശിക്കുക. യുക്രെയ്‌ൻ പ്രസിഡൻ്റ് വ്ളാഡിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌ൻ സന്ദർശിക്കുന്നത്. കഴിഞ്ഞ മാസം ദ്വിദിന സന്ദർശനത്തിനായി മോദി റഷ്യയിലെത്തിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ റഷ്യൻ സന്ദർശനം.
അതേസമയം റഷ്യ- യുക്രെയ്‌ൻ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നരേന്ദ്രമോദിയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത്. റഷ്യയുടെ കൂടുതൽ ഭൂപ്രദേശങ്ങളിലേക്ക് യുക്രെയ്ൻ സൈനിക വിന്യാസം നടത്തിയതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ കടന്നു കയറിയ യുക്രെയ്ൻ അവിടെ സൈനിക ഓഫീസ് തുറന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അതിർത്തിയിൽ നിന്ന് കുര്‍ക്‌സ് മേഖല ഉൾക്കൊളളുന്ന 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രെയ്ൻ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിനോടകം സൈന്യം നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോർട്ട്. റഷ്യയിലെ ബെല്ഗൊരരോദ് മേഖലയില്‍ യുക്രെയ്ൻ സൈന്യം എത്തിയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ കനക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഒന്നര ലക്ഷത്തോളം റഷ്യക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. കുർസ്ക് മേഖലയിലെ സെയ്ം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം യുക്രെയ്ൻ തകർത്തതായി റഷ്യ ആരോപിച്ചു. അവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു.

