Saturday, June 1, 2024
spot_img

‘ഭാരതത്തിന്റെ പ്രധാനമന്ത്രി’; 20-മത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ക്ഷണപത്രത്തിൽ മോദിക്ക് ഇന്തോനേഷ്യ നൽകിയ വിശേഷണം ശ്രദ്ധ നേടുന്നു

ദില്ലി: : 20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോ​ഗിക ക്ഷണപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഇന്തോനേഷ്യ. ജി20 ഉച്ചകോടിയിലേയ്‌ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തിൽ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്ന് പരാമർശിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാക്കൾ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് ഇന്തോനേഷ്യയുടെ വിശേഷണം ശ്രദ്ധയാകുന്നത്.

20-ാമത് ആസിയാൻ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജക്കാർത്തയിലേക്ക് പുറപ്പെടും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജക്കാർത്തയിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ, പ്രധാനമന്ത്രി മോദിയെ ‘ഇന്ത്യയുടെ പ്രധാനമന്ത്രി’ എന്ന് വിളിക്കുന്ന പതിവ് രീതി ഒഴിവാക്കി ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് ഇന്തോനേഷ്യ വിശേഷിപ്പിച്ചിരിക്കുന്നത്.

ആസിയാൻ ഉച്ചകോടിയ്‌ക്ക് പിന്നാലെ ജി20 യോഗം നടക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ ഹ്രസ്വകാല സന്ദർശനമായിരിക്കും ഇത്. ഇന്തോനേഷ്യയാണ് ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത്. ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ന്യൂസ്‌ലാൻഡ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ എട്ട് അംഗരാജ്യങ്ങളെയും ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലേക്ക് കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒമ്പതാമത് ആസിയാൻ ഉച്ചകോടിയാണിത്.

Related Articles

Latest Articles