ദില്ലി : പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന സൗത്ത് ബ്ലോക്കിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ മന്ദിരത്തിലേക്ക് മാറുന്നു. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന ‘എക്‌സിക്യൂട്ടീവ് എൻക്ലേവ്’ എന്ന കെട്ടിടത്തിലേക്കാണ് ഈ മാറ്റം. പഴയ നോർത്ത്, സൗത്ത് ബ്ലോക്കുകളെ രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും പ്രതിഫലിക്കുന്ന ‘യുഗ യുഗിൻ ഭാരത് സംഗ്രഹാലയ’ മ്യൂസിയമാക്കി മാറ്റാനും സർക്കാർ തീരുമാനിച്ചു.
78 വർഷങ്ങൾ നീണ്ട ചരിത്രത്തിനാണ് ഈ മാറ്റത്തോടെ വിരാമമാകുന്നത്. ബ്രിട്ടീഷ് വാസ്തുവിദ്യാ വിദഗ്ധരായ എഡ്വിൻ ലുത്യൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്ത് 1931-ൽ പ്രവർത്തനമാരംഭിച്ച സൗത്ത് ബ്ലോക്കിലാണ് ഇത്രയും കാലം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. അടുത്ത മാസത്തോടെ പുതിയ മന്ദിരത്തിലേക്കുള്ള മാറ്റം പൂർത്തിയാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
രാഷ്ട്രപതി ഭവനും, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കും സമീപത്തായി സ്ഥാപിക്കുന്ന എക്‌സിക്യൂട്ടീവ് എൻക്ലേവ് അതിനൂതന സാങ്കേതികവിദ്യകളോടെയാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് കൂടാതെ കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ആധുനിക കോൺഫറൻസ് ഹാളുകൾ എന്നിവയും ഇവിടെയുണ്ടാകും. രാജ്യത്തിന്റെ ഭരണസംവിധാനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.
ചരിത്രസ്മാരകങ്ങളായ സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും ഇനി ‘യുഗ യുഗിൻ ഭാരത് സംഗ്രഹാലയ’ എന്ന പേരിലുള്ള ലോകോത്തര മ്യൂസിയമായി മാറും. 5000 വർഷം പഴക്കമുള്ള ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ഇവിടെ പ്രദർശിപ്പിക്കും. വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം തുടങ്ങിയവ സൗത്ത് ബ്ലോക്കിലും ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ നോർത്ത് ബ്ലോക്കിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്.
“പ്രധാനമന്ത്രിയുടെ ഓഫീസ് മോദിയുടെ ഓഫീസല്ല, പകരം ജനങ്ങളുടെ ഓഫീസ് ആയിരിക്കും” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കേവലം ഒരു ഓഫീസ് മാറ്റത്തിനപ്പുറം, ആധുനിക ഇന്ത്യയുടെ ഭരണസംവിധാനങ്ങളെ കാലോചിതമായി പരിഷ്കരിക്കാനുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ നീക്കം.

