Thursday, December 18, 2025

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം; മോദി ഇന്ന് നൈജീരിയയിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 17 വർഷത്തിന് ശേഷം; ബ്രസീലിൽ ജി20യിൽ പങ്കെടുക്കും

ദില്ലി: ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്.

നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശനവേളയിൽ നടക്കും. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ യുക്രൈയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. 1968 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത്.

അതേസമയം, ഭാരതവും നൈജീരിയയും 2007 മുതൽ വളരുന്ന സാമ്പത്തിക, ഊർജ്ജ, പ്രതിരോധ സഹകരണത്തോടെ തന്ത്രപ്രധാന പങ്കാളികളാണ്. നൈജീരിയയിലെ പ്രധാനപ്പെട്ട മേഖലകളിൽ 200-ലധികം ഇന്ത്യൻ കമ്പനികൾ 27 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയും നൈജീരിയയും ശക്തമായ വികസന സഹകരണ പങ്കാളിത്തം പങ്കിടുന്നു.

Related Articles

Latest Articles