ലാഹോർ: മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട കലാപം രൂക്ഷമാകുന്നു. മുഖ്യ പ്രതിപക്ഷമായ പി ടി ഐ നടത്തുന്ന സമരങ്ങൾ അക്രമാസക്തമാകുന്നു. എല്ലാ പാക് നഗരങ്ങളും കത്തിയമരുന്നു. സൈനിക ആസ്ഥാനവും റേഡിയോ നിലയവും പ്രക്ഷോഭകാരികൾ ആക്രമിച്ചു. പാക് അർദ്ധ സൈനിക വിഭാഗം അറസ്റ്റ് ചെയ്‌ത ഇമ്രാൻഖാനെ വിട്ടയക്കുന്നത് വരെ സമരം തുടരുമെന്നും അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പി ടി ഐ അറിയിച്ചു. ഇമ്രാനെ പുറത്തുവിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ നൽകിയ അറിയിപ്പിൽ പാർട്ടി വ്യക്തമാക്കി. ഇമ്രാൻ ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ ഇന്നു സമീപിക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം ‘വിചിത്രമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (70) അതിർത്തിരക്ഷാ സേന കോടതിയിൽ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ്, നാടകീയമായി അതിർത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്സിന്റെ അംഗങ്ങൾ ജനാലച്ചില്ലു തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ പിടികൂടിയത്. ഇമ്രാനെ കോളറിൽ പിടിച്ചുനടത്തിക്കുന്നതും വാനിലേക്കു തള്ളിക്കയറ്റുന്നതും സമൂഹമദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാം. തലയിലും കാലിലും സാരമായി മർദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നും പാക്ക് ദിനപത്രമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റും റിയൽ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ രാവിലെയാണു വാറന്റ് പുറപ്പെടുവിച്ചതെന്ന് എൻഎബി പറഞ്ഞെങ്കിലും വാറന്റിലെ തീയതി മേയ് 1 ആണ്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് അറസ്റ്റെന്ന് ആഭ്യന്തരമന്ത്രി റാണാ സനവുല്ല അവകാശപ്പെട്ടു.

