റാവൽകോട്ട്: പാക് അധീന കശ്മീരിൽ പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെയുള്ള ജനകീയ പ്രക്ഷോഭം ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. റാവൽകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന കൂറ്റൻ റാലിയിൽ, ഈ പ്രദേശം പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചാൽ സഹായത്തിനായി ഇന്ത്യയെ സമീപിക്കാൻ മടിക്കില്ലെന്നും പ്രക്ഷോഭകാരികൾ പാക് ഭരണകൂടത്തിന് പരസ്യമായി മുന്നറിയിപ്പ് നൽകി. വർഷങ്ങളായി തുടരുന്ന ഭരണപരാജയം, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾ എന്നിവയ്ക്കെതിരെയാണ് മേഖലയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ വാർത്തകൾ പുറംലോകം അറിയാതിരിക്കാൻ ജൂൺ 5 മുതൽ പാക് അധികൃതർ ഈ മേഖലയിൽ പൂർണ്ണമായ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ സർദാർ അമൻ ഖാന്റെ നേതൃത്വത്തിലാണ് ഈ ജനകീയ പ്രക്ഷോഭം മുന്നേറുന്നത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ പാക് അധികൃതർ മേഖലയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിതരണം രണ്ടാഴ്ചയോളം തടഞ്ഞുവെച്ചതോടെയാണ് സമരം കൂടുതൽ ശക്തിയാർജ്ജിച്ചത്. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച സർദാർ അമൻ ഖാൻ, പാക് അധീന കശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ലെന്നും ഈ പ്രദേശത്തിന്റെ നിലനിൽപ്പിനെക്കാൾ പാകിസ്താനാണ് തങ്ങളെ ആവശ്യമെന്നും തുറന്നടിച്ചു. ഭക്ഷ്യവസ്തുക്കൾക്കും മറ്റ് ആവശ്യങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ സഹായത്തിനായി ജനങ്ങൾ ഇന്ത്യയിലേക്ക് നോക്കുമെന്നും, ഇത് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണ്ണമായി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജൂൺ 9 മുതൽ നിയന്ത്രണ രേഖയ്ക്ക്സമീപം മറ്റൊരു വലിയ ധർണ്ണാ സമരവും പ്രദേശവാസികൾ ആരംഭിച്ചിട്ടുണ്ട്. പുറത്തുവരുന്ന ദൃശ്യങ്ങളിൽ, പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഒരു സ്വേച്ഛാധിപതിയെയും വെച്ചുപൊറുപ്പിക്കില്ലെന്നും പ്രക്ഷോഭകാരികൾ വ്യക്തമാക്കുന്നുണ്ട്. മുസാഫറാബാദിലും അനുബന്ധ മേഖലകളിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.

