Sunday, September 20, 2026

കള്ളവോട്ട് റീപോളിങ് കേരളത്തിന് അപമാനം, എൽഡിഎഫും യുഡിഎഫും പരസ്യമായി മാപ്പ് പറയണം: ശ്രീധരൻപിള്ള

തിരൂര്‍: കള്ളവോട്ടിന്റെ പേരിൽ നടക്കുന്ന റീപോളിങ് കേരളത്തിന് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ​ പിഎസ് ശ്രീധരന്‍പിള്ള. ഇക്കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

പൊന്നാനി ലോക്‌സഭ മണ്ഡലം ബിജെപി പ്രവര്‍ത്തകയോഗം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിപിഎമ്മിന്റെ പർദ പരമാർശത്തെയും ശ്രീധരൻപിള്ള വിമർശിച്ചു. വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സിപിഎം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎം നേതാക്കള്‍ കടുത്ത നിരാശയിലാണ്. അതുകൊണ്ടാണ് കമ്യൂണസത്തി​​ന്റെ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നത്.

ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സിപിഎം ഉഴുതു മറിച്ച മണ്ണില്‍ യുഡിഎഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പർദ വിഷയത്തില്‍ സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാട്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സിപിഎമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ് ശ്രീധരൻപിള്ള വ്യക്തമാക്കി.

Related Articles

Latest Articles