Sunday, May 12, 2024
spot_img

സഭാതർക്കം പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു, തർക്കം പരിഹരിക്കാൻ കേന്ദ്രം ഇടപെടും; പി എസ് ശ്രീധരൻ പിള്ള

ദില്ലി: കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.  ‘സഭതര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. തര്‍ക്കമുള്ള രണ്ട് സഭാനേതൃത്വങ്ങള്‍ ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയില്‍ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു’. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു. ക്രിസ്മസിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  സഭാതര്‍ക്കത്തില്‍ നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ  ജോസഫ് മാര്‍ ഗ്രിഗോറിയോസ് പ്രതികരിച്ചു. നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. നിയമത്തേയും സുപ്രീം കോടതിയേയും ഓര്‍ത്തഡോക്‌സ് സഭ ബഹുമാനിക്കുന്നു. സഭാതര്‍ക്കത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവാനായി നിയമനുസൃതമായ എല്ലാ ഇടപെടലുകളേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പിഎസ് ശ്രീധരന്‍ പിള്ള കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles